Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്‍ഗ്രാജുലേഷന്‍സ് ഫ്രാന്‍സ്, നിര്‍ത്തുമോ ഇനി ഈ നയങ്ങള്‍?

ലോകകപ്പ് ചാമ്പ്യന്മാരായതിന്റെ ആഹ്ലാദലഹരിയിലാണ് ഫ്രാന്‍സ്. 70 ശതമാനത്തോളം കുടിയേറ്റക്കാരും മൂന്നിലൊന്ന് മുസ്‌ലിംകളുമടങ്ങുന്ന ടീം അവര്‍ക്ക് രണ്ടാമത്തെ കിരീടം സമ്മാനിച്ചപ്പോള്‍ അസുഖകരമായ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. കുടിയേറ്റവിരുദ്ധ, ഇസ്ലാം വിദ്വേഷ നയങ്ങള്‍ ഇനിയെങ്കിലും രാജ്യം തിരുത്തുമോയെന്നതാണ് അതില്‍ പ്രധാനം. കുടിയേറ്റക്കാരും മുസ്‌ലിംകളും രാജ്യത്തിനു വേണ്ടി അര്‍പ്പിക്കുന്ന സേവനങ്ങളെ അംഗീകരിക്കണമെന്ന് പലരും ഓര്‍മിപ്പിക്കുന്നു.
ലോകകപ്പിന്റെ ആദ്യ കാലത്തു തന്നെ ഫ്രാന്‍സ് ടീമില്‍ കുടിയേറ്റക്കാരുണ്ടായിരുന്നു. ജസ്റ്റ് ഫൊണ്ടയ്‌നും റയ്മണ്ട് കോപയും മിഷേല്‍ പ്ലാറ്റീനിയും മുതല്‍ ഫ്രാന്‍സിന്റെ പ്രഗദ്ഭ കളിക്കാരൊക്കെ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. എന്നാല്‍ കുടിയേറ്റ കളിക്കാരുടെ വിഷയം കാര്യമായ ചര്‍ച്ചയായത് 1998 ല്‍ ഫ്രാന്‍സ് ലോകകപ്പ് സംഘടിപ്പിച്ചപ്പോഴാണ്. ജീന്‍ മേരി ലപാന്റെ തീവ്രവലതുപക്ഷ പാര്‍ട്ടി തങ്ങളുടെ അടിത്തറയുറപ്പിക്കാന്‍ കണ്ടെത്തിയ വിഷയങ്ങളിലൊന്ന് ഫ്രാന്‍സിന്റെ സങ്കര ടീമാണ്. ഗോള്‍കീപ്പര്‍ ഫാബിയന്‍ ബാര്‍ത്തേസ് ഒഴികെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരെല്ലാം കുടിയേറ്റ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. കുടിയേറ്റക്കാരോടുള്ള മനോഭാവം മാറ്റുന്നതില്‍ ആ വിജയം വലിയ പങ്കുവഹിച്ചു.
പിന്നീട് കാര്യങ്ങള്‍ മാറി. 2002 ല്‍ ടീം ആദ്യ റൗണ്ടില്‍ പുറത്തായി. 2006 ലെ ഫൈനലില്‍ സിനദിന്‍ സിദാന്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയത് ഫ്രാന്‍സിന് ലോകകപ്പ് നഷ്ടപ്പെടാന്‍ കാരണമായി. 2010 ല്‍ കളിക്കാരുടെ സമരം ഫ്രാന്‍സിനെ നാണം കെടുത്തി. കുടിയേറ്റ കളിക്കാര്‍ക്ക് ആത്മാര്‍ഥതയില്ലെന്ന പ്രചാരണത്തിന് ആക്കം കൂടി.
ആ പ്രചാരണങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇത്തവണ ടീം വിജയത്തിലേക്ക് ചുവട് വെച്ചത്. കുടിയേറ്റക്കാര്‍ ഫ്രഞ്ച് ജനസംഖ്യയില്‍ 6.8 ശതമാനമാണ്. എന്നാല്‍ ഫ്രഞ്ച് ടീമിലെ കുടിയേറ്റക്കാരുടെ ശതമാനം 78.3 ആണ്. ഫ്രാന്‍സില്‍ എട്ട് ശതമാനത്തോളം മുസ്‌ലിംകളുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ ലോകകപ്പ് ജയിച്ച ടീമില്‍ മൂന്നിലൊന്ന് മുസ്‌ലിംകളാണ് -33 ശതമാനം. ഫൈനലില്‍ ഇറങ്ങിയ പോള്‍ പോഗ്ബയും എന്‍ഗോലൊ കാണ്ടെയുമുള്‍പ്പെടെ. ആദില്‍ റാമി, ജിബരീല്‍ സിദിബെ, ബെഞ്ചമിന്‍ മെന്‍ഡി, നബീല്‍ ഫഖീര്‍, ഉസ്മാന്‍ ദെംബെലെ എന്നിവരാണ് മറ്റുള്ളവര്‍. ഫ്രഞ്ച് ടീമിന്റെ മുഖമുദ്രയായ കീലിയന്‍ എംബാപ്പെയുടെ അമ്മ അള്‍ജീരിയക്കാരിയും പിതാവ് കാമറൂണ്‍കാരനുമാണ്. ഈ ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളില്‍ ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത് ഫ്രാന്‍സ് ടീമിലാണ്. 
വെള്ളക്കാരായ കളിക്കാരില്‍ തന്നെ പൂര്‍ണമായും ഫ്രഞ്ച് തലമുറകളില്‍ പിറന്നു എന്ന് പറയാവുന്നവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്. ക്യാപ്റ്റന്‍ ഹ്യൂഗൊ ലോറീസും സ്‌ട്രൈക്കര്‍മാരായ ആന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലീവിയര്‍ ജിരൂ എന്നിവരുമെല്ലാം തലമുറകള്‍ക്ക് മുമ്പ് കുടിയേറിയ കുടുംബങ്ങളില്‍ ജനിച്ചവരാണ്. ടീമിലെ മൂന്നിലൊന്ന് കളിക്കാര്‍ക്ക് മാത്രമാണ് യൂറോപ്യന്‍ വെള്ളക്കാരുടെ പാരമ്പര്യം. അതില്‍ തന്നെ പകുതിയോളമേയുള്ളൂ ഫ്രഞ്ച് വെള്ളക്കാരുടെ പാരമ്പര്യം. 
ഈ ലോകകപ്പിലെ ഏറ്റവും വലിയ പ്രത്യേകത സെമി ഫൈനലിലെത്തിയ നാലു ടീമുകളും കുടിയേറ്റക്കാരായ കളിക്കാര്‍ ഏറെയുള്ളതായിരുന്നു. ഇംഗ്ലണ്ട് ടീമില്‍ 11 പേര്‍ ആഫ്രിക്കന്‍, കരീബിയന്‍ പശ്ചാത്തലമുള്ളവരാണ്. കുടിയേറ്റക്കാരായ കളിക്കാര്‍ ഏറെയുള്ള സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ് ടീമുകളും ഏറെ മുന്നേറി. 
യൂറോപ്പിലും അമേരിക്കയിലുമൊക്കെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പിടിമുറുക്കുകയാണ്. വെറുപ്പ് പടര്‍ത്തി വോട്ട് പിടിക്കുന്ന രാഷ്ട്രീയക്കാരുടെ എണ്ണം ലോകമെങ്ങും വ്യാപിക്കുന്നു. ലോകകപ്പ് നേടിയ ഫ്രഞ്ച് ടിം അവരുടെ ഭരണനേതൃത്വത്തിന് ഒരു പാഠമാണ്. അല്ല, ലോകത്തിന് മുഴുവന്‍ അവര്‍ നാനാത്വത്തിന്റെ മാതൃകയാണ്.
 

Latest News