Sorry, you need to enable JavaScript to visit this website.

എയര്‍ഹോസ്റ്റസ് ടെറസില്‍നിന്ന് ചാടി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

അനീഷ്യയും ഭര്‍ത്താവ് മായംഗ് സിംഗ് വിയും
ന്യദല്‍ഹി- ദക്ഷിണ ദല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കില്‍ വീടിന്റെ ടെറസില്‍നിന്ന് ചാടി എയര്‍ഹോസ്റ്റസ് ജീവനൊടുക്കി. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരിയായ അനീഷ്യ ബത്ര(32) ആണ് മരിച്ചത്. അതേസമയം അനീഷ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അനീഷ്യയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായി അനീഷ്യയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. അനീഷ്യക്ക് ശാരീരികമായി മുറിവേറ്റിട്ടുണ്ടെങ്കില്‍ അതിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലന്നും അനീഷ്യയുടെ പിതാവ് റിട്ട. മേജര്‍ ജനറല്‍ ആര്‍.എസ്. ബത്ര പറഞ്ഞു.
എന്നാല്‍ കേസെടുത്തിട്ടുണ്ടെന്നും അനീഷ്യയുടെ വീട്ടുകാരുടെ മൊഴിയെടുത്തതായും പോലീസ് പറഞ്ഞു.
താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് അനീഷ്യയുടെ ഒരു മെസേജ് തനിക്ക് വെള്ളിയാഴ്ച ലഭിച്ചിരുന്നെന്ന് ഭര്‍ത്താവ് മായംഗ് സിംഗ് വി പറഞ്ഞു. വീട്ടില്‍ തന്നെയുണ്ടായിരുന്ന താന്‍ ടെറസിലേക്ക് ഓടിച്ചെന്നപ്പോഴേക്കും അനീഷ്യ താഴേക്ക് ചാടിയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു- മായംഗ് പറഞ്ഞു.
മരിക്കുന്നതിന് തൊട്ടുമുമ്പ് അനീഷ്യ സ്വന്തം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെന്ന് സഹോദരന്‍ കരണ്‍ ബത്ര പറഞ്ഞു.
സഹോദരി പോലീസിനെ വിളിക്കണമെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്.  മായംഗ് തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അനീഷ്യ പറഞ്ഞിരുന്നു. അവന്‍ കാരണം ഞാനെന്റെ ജീവിതം അവസാനിപ്പിക്കുന്നു. അവനെ വെറുതെ വിടരുതെന്നും അനീഷ്യ മെസേജില്‍ പറഞ്ഞു- കരണ്‍ ബത്ര പറഞ്ഞു. അവള്‍ സ്വയം ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നറിയില്ല. മായംഗിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍ പോലീസ് ഞങ്ങളെ സഹായിക്കുന്നില്ല- കരണ്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പായിരുന്നു അനീഷ്യയും മായംഗും തമ്മിലുള്ള വിവാഹം. അന്ന് മുതല്‍ അനീഷ്യ പീഡനത്തിനിരയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മദ്യപനായ മായംഗ് നിരന്തരം പണം ആവശ്യപ്പെട്ട് അനീഷ്യയെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
 
 

Latest News