ഇംഫാൽ - മണിപ്പൂരിലെ നരാധമന്മാരുടെ നരനായാട്ടുകൾ അവസാനിക്കുന്നില്ല. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പൊതു ഇടത്തിലൂടെ നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തവരുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ 80 വയസ്സായ വിധവയെ വീടിനുള്ളിൽ പൂട്ടിയിട്ട് ചുട്ടുകൊന്നുവെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്നത്.
മണിപ്പൂരിലെ കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെത്തോംബിയെണ് കലാപകാരികൾ അതിക്രൂരമായി ചുട്ടുകൊന്നത്. വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതിൽ അടച്ചുപൂട്ടി അക്രമികൾ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പെട്ടെന്നുതന്നെ വീടിനുമേൽ തീ ആളിപ്പടരുകയും മുത്തശ്ശിയെ രക്ഷപ്പെടുത്താനാവാതെ കത്തിച്ചാമ്പലാവുകയുമാണുണ്ടായതെന്ന് ഇവരുടെ കൊച്ചുമകൻ പ്രേംകാന്ത പ്രതികരിച്ചു.
അക്രമികൾ തുടർച്ചായി വെടിയുതിർത്ത് വീട് വളഞ്ഞപ്പോൾ തങ്ങളോട് ഓടി രക്ഷപ്പെടാൻ പറയുകയായിരുന്നു മുത്തശ്ശി. പ്രായത്തിന്റെ അവശത മൂലം മുത്തശ്ശിക്ക് രക്ഷപ്പെടാൻ പറ്റുന്ന സാഹചര്യമായിരുന്നില്ലെന്നും കൊച്ചുമകൻ പറഞ്ഞു. വീടിന് തീപ്പിടിച്ചതോടെ തിരികെയെത്തി മുത്തശ്ശിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അക്രമികളുടെ തോക്കിൽനിന്നുള്ള വെടിയേറ്റ് കൈകളിലും തുടയിലും ഗുരുതര പരുക്കേറ്റുവെന്നും മരണത്തിൽനിന്നും കഷ്ടി് രക്ഷപ്പെട്ടതാണെന്നും കൊച്ചുമകൻ വേദനയോടെ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കലാപകാരികളെ അഴിഞ്ഞാടാൻ തുറന്നുവിട്ടതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം കത്തുമ്പോഴാണ് മെയ് 28ന് രാത്രി നടന്ന ഈ സംഭവം പുറംലോകമറിയുന്നത്.