Sorry, you need to enable JavaScript to visit this website.

ബലാത്സംഗക്കേസില്‍ 42 കൊല്ലം ശിക്ഷ കിട്ടിയ 76 കാരന്‍ മരിച്ചു

തളിപ്പറമ്പ് - ഏഴാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 42 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട 76 കാരന്‍ മരിച്ചു. പെരിങ്ങോം പാടിച്ചാലിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനാണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് കുഞ്ഞിരാമനെ ശിക്ഷിച്ചത്. കേസില്‍ 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
2018 ല്‍ പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രതിയുടെ വീട്ടില്‍ വെച്ച് പലതവണ ബലാത്സംഗം ചെയ്തതായാണ് പരാതി. അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചത്.
2 വകുപ്പുകളില്‍ 10 വര്‍ഷവും 50,000 വീതവും രണ്ട് വകുപ്പുകളില്‍ 10 വര്‍ഷവും 25,000 വീതവും ഭീഷണിപ്പെടുത്തിയതിന് 2 വര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമായിരുന്നു.
ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ജൂലായ് 5നാണ് കുഞ്ഞിരാമനെ ശ്വാസം മുട്ടലും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

 

Latest News