Sorry, you need to enable JavaScript to visit this website.

മുട്ടില്‍ സൗത്ത് മരംമുറിക്കേസ്: പ്രതികള്‍ക്കെതിരെ നിയമക്കുരുക്ക് മുറുകുന്നു

കല്‍പറ്റ- വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍  നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളില്‍ നിയമക്കുരുക്ക് മുറുകുന്നു. റവന്യൂ പട്ടയഭൂമികളില്‍നിന്നു മുറിച്ചത് സര്‍ക്കാര്‍ ഉത്തരവുപ്രകാരം അനുവദനീയമായ മരങ്ങളാണെന്ന പ്രതികളുടെ വാദം ഈട്ടിത്തടികളുടെ ഡി.എന്‍.എ പരിശോധനയില്‍ പൊളിഞ്ഞിനു പുറമേ  മരം മുറിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നല്‍കിയ പരാതികളില്‍ ഏഴെണ്ണത്തില്‍ പ്രതികളില്‍ ഒരാളുടേതാണ് കൈയക്ഷരമെന്ന  ഫോറന്‍സിക് പരിശോധനാഫലവും പുറത്തുവന്നു. ഡി.എന്‍.എ, ഫോറന്‍സിക്  പരിശോധനാഫലങ്ങള്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്കെതിരായ ശക്തമായ ശാസ്ത്രീയ തെളിവുകളാകുമെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു.
റവന്യൂ പട്ടയഭൂമിയിലെ  മരംമുറിയുമായി ബന്ധപ്പെട്ട കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മുട്ടില്‍ സൗത്ത് മരംമുറി കേസില്‍ കുറ്റപത്ര സമര്‍പ്പണം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. കേസില്‍ മരങ്ങള്‍ മുറിച്ചവരും വിറ്റവരും വാങ്ങിയവരും വില്ലേജ് ഉദ്യോഗസ്ഥരുമടക്കം 13 പ്രതികളാണുള്ളത്.
റവന്യൂ പട്ടയഭൂമികളിലെ  വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ  മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു.  ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്.  1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച്  കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയ ഭൂമികളില്‍  2020 നവംബര്‍, ഡിസംബര്‍, 2011 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്  ഈട്ടി മുറി നടന്നത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് 2021 ജൂണിലാണ് വനം വകുപ്പ് തടികള്‍ കസ്റ്റഡിയിലെടുത്ത്  കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടികവര്‍ഗക്കാരും ചെറുകിട കര്‍ഷകരും അടക്കം 65 പേരുടെ പട്ടയഭൂമികളിലാണ് ഈട്ടിമുറി നടന്നത്. മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതിക്ക് ഭൂവുടമയാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടത്. ഇത്തരത്തില്‍ മുട്ടില്‍ വില്ലേജ് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ഏഴെണ്ണത്തില്‍ കേസിലെ പ്രതികളില്‍ ഒരാളായ വയനാട് വാഴവറ്റ റോജി അഗസ്റ്റിന്റേതാണ് എഴുത്തും ഒപ്പുമെന്നാണ്  കൈയക്ഷരങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. മരംമുറിയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിനും റോജി അഗസ്റ്റിനെതിരേ കേസ് വന്നേക്കും.
 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിനു വിധേയമായാണ് മരങ്ങള്‍ മുറിച്ചതെന്നാണ് കേസിലെ മുഖ്യപ്രതികള്‍ വാദിക്കുന്നത്. എന്നാല്‍ 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്ന ഈട്ടികളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ കോടാലി വീണതില്‍ അധികവുമെന്നാണ് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞത്.  മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു 104 കുറ്റി ഈട്ടിയാണ് മുറിച്ചത്. മുറിച്ച് ഒരുക്കി കഷണങ്ങളാക്കി ഈട്ടിത്തടികളില്‍ കുറെയെണ്ണത്തിന് മൂന്നൂറു മുതല്‍ 500ല്‍ അധികം വരെ വര്‍ഷം പഴക്കമാണ് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചത്. പ്രായം കണക്കാക്കുന്നതിനാണ് തടികളുടെ സാംപിള്‍ തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ പരിശോധനയക്ക് അയച്ചത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃതമായി മുറിച്ചതിനെത്തുടര്‍ന്ന വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയ തടികളുടെ ഗുണനിലവാരം കുറയുകയാണ്. വെയില്‍, മഴ, നിറം മങ്ങല്‍, വിള്ളല്‍ വീഴല്‍ തുടങ്ങിയവ തടികളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട നടപടികളില്‍ റവന്യൂ വകുപ്പിന് മന്ദഗതിയാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. അനധികൃതമായി മുറിച്ച ഈട്ടികളുടെ മൂല്യം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ക്കു ശുഷ്‌കാന്തിയില്ലെന്നു അടക്കം പറയുന്നവര്‍ റവന്യൂ വകുപ്പില്‍ത്തന്നെ നിരവധിയാണ്.
മുട്ടില്‍ ഈട്ടി മുറിയില്‍  റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച സമഗ്രമായി അന്വേഷിക്കുന്നതിനു വകുപ്പ് മന്ത്രി കെ.രാജന്  മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ജോസഫ് മാത്യു കത്തയച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.  റവന്യൂ പട്ടയഭൂമികളിലെ സര്‍ക്കാരിന് ഉടമാവകാശമുള്ള മരങ്ങള്‍ വെട്ടുന്നതു തടയുന്നതില്‍ അന്നത്തെ  ജില്ലാ കലക്ടറും  വൈത്തിരി തഹസില്‍ദാരും ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു കത്ത്.

 

Latest News