ബംഗളുരു- കോണ്‍ഗ്രസ് നേതാവും മുന്‍ അധ്യക്ഷയുമായ സോണിയാഗാന്ധി കര്‍ണാടകയില്‍നിന്നു രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത. 2024 ല്‍ ഒഴിവുവരുന്ന സീറ്റിലേക്കായിരിക്കും സോണിയ മത്സരിക്കുക. സോണിയാഗാന്ധിയെ കര്‍ണാടക വഴി രാജ്യസഭയിലേക്ക് എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്നാണ് വിവരം.
എട്ടു മാസം കഴിയുമ്പോള്‍ കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരിക. ഈ സീറ്റുകളിലേക്ക് സയ്യദ് നസീര്‍ ഹുസൈന്‍, സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കൊപ്പം പാര്‍ട്ടി നോമിനിയായി സോണിയയും എത്താനാണ് സാധ്യത. നിലവിലെ എംപിമാരായ ജി.സി. ചന്ദ്രശേഖര്‍, സയ്യദ് നസീര്‍ ഹുസൈന്‍, ഡോ. എല്‍. ഹുമന്തയ്യ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി 2024 ഏപ്രില്‍ 2 ന് പൂര്‍ത്തിയാകും. പകരം എ.ഐ.സി.സി കോഡിനേറ്റര്‍ നസീറിനും എ.ഐ.സി.സി തലവന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയേയും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയാ തലവനും വക്താവുമായ ശ്രീനാഥിനേയും ഉപരിസഭയിലേക്ക് പരിഗണിക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്.
അടുത്തിടെ സോണിയ ബംഗളുരുവില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തരത്തിലൊരു നിര്‍ദേശം മുമ്പോട്ട് വെച്ചത്. എന്നാല്‍ നിര്‍ദേശം സോണിയ ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാലും സോണിയ ഓഫര്‍ സ്വീകരിക്കാന്‍ ചില സാഹചര്യങ്ങള്‍ മുന്നിലുണ്ട്. അതിലൊന്ന് 1989 ല്‍ രാജീവ്ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ കാലം മുതല്‍ താമസിക്കുന്ന 10, ജനപഥ് വീടില്‍ തന്നെ തുടരാന്‍ അത് സഹായിക്കുമെന്നുള്ളതാണ്. സോണിയ മാറുന്ന റായ്ബറേലിയില്‍നിന്നും പ്രിയങ്ക മത്സരിക്കാനുള്ള സാധ്യതയും ഏറി.