Sorry, you need to enable JavaScript to visit this website.

തളിരിടുന്നു, ഇന്ത്യൻ ലോകകപ്പ് സ്വപ്‌നം

സാഫ് ചാമ്പ്യന്മാരായ ഇന്ത്യൻ ഫുട്‌ബോൾ ടീം
ഇന്റർകോണ്ടിനന്റൽ കപ്പിൽ സുനിൽ ഛേത്രിയും കൂട്ടരും 

ഇന്റർകോണ്ടിനന്റൽ കപ്പ് തുടങ്ങുമ്പോൾ ഇന്ത്യയുടെ ഒരേയൊരു ലക്ഷ്യം റാങ്കിംഗിൽ ഒരു സ്ഥാനം മുന്നേറുകയായിരുന്നു. ആ ലക്ഷ്യം സാധിച്ചു. ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ട് ആരംഭിക്കുമ്പോൾ ഈ നേരിയ മുന്നേറ്റം ഇന്ത്യക്ക് വലിയ ഗുണം ചെയ്യും....

ഏതാണ്ട്  മുക്കാൽ നൂറ്റാണ്ട് മുമ്പ് ലോകകപ്പ് ഫുട്‌ബോളിൽ മുഖം കാണിക്കാൻ കിട്ടിയ അവസരം ഇന്ത്യ പാഴാക്കിയതായിരുന്നു. പിന്നീടങ്ങോട്ട് ബ്രസീലിനെയും അർജന്റീനയെയും ഫ്രാൻസിനെയുമൊക്കെ പിന്തുണച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു നമ്മുടെ യോഗം. 2026 ൽ അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ലോകകപ്പിന് വിരുന്നൊരുക്കുമ്പോൾ ഇന്ത്യൻ സ്വപ്‌നം പൂവണിയുമോ? പ്രതീക്ഷകൾക്ക് ചിറക് മുളക്കാൻ കാരണങ്ങൾ പലതുണ്ട്. 
ഒന്നാമതായി ഇന്ത്യൻ ഫുട്‌ബോൾ ടീം ഫോമിലാണ്. പ്രമുഖ ഏഷ്യൻ ടീമുകളുമായി ജയിച്ചിട്ടൊന്നുമില്ലെങ്കിലും സ്വന്തം മണ്ണിൽ തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടാൻ ടീമിന് സാധിച്ചു. ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ജേതാക്കളായി. ഇന്ത്യയോട് റാങ്കിംഗിൽ കിടപിടിക്കുന്ന ലെബനോനെയും കുവൈത്തിനെയും തോൽപിച്ചു. രണ്ടും ഏഷ്യൻ ഫുട്‌ബോളിലെ ഗണനീയമായ ശക്തികളല്ല ഇപ്പോൾ. എങ്കിലും കിട്ടിയ അവസരങ്ങളിൽ വിജയം നേടാൻ സുനിൽ ഛേത്രിക്കും കൂട്ടർക്കും കഴിഞ്ഞു. 
രണ്ടാമതായി, മുപ്പത്തിരണ്ടിനു പകരം 48 ടീമുകൾ അടുത്ത ലോകകപ്പിൽ കളിക്കും. ഏഷ്യൻ വൻകരയിൽ നിന്ന് ചുരുങ്ങിയത് എട്ടും കൂടിയാൽ ഒമ്പതും ടീമുകൾക്ക് അവസരം ലഭിക്കും. അതായത് ഏഷ്യയിലെ ഒമ്പതാമത്തെ മികച്ച ടീമായാൽ ഇന്ത്യക്ക് ലോകകപ്പ് കളിക്കാം. ഇപ്പോൾ ഇന്ത്യ ഏഷ്യയിലെ മികച്ച പതിനെട്ടാമത്തെ ടീമാണ്. 
എന്നാൽ റാങ്കിംഗ് നോക്കിയല്ല ലോകകപ്പ് യോഗ്യതാ സ്ഥാനങ്ങൾ നിർണയിക്കുന്നത്. യോഗ്യതാ റൗണ്ടിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. പക്ഷെ യോഗ്യതാ റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെ കിട്ടണമെങ്കിൽ റാങ്കിംഗ് മെച്ചപ്പെടണം. അവിടെയാണ് ഇന്ത്യക്ക് പ്രതീക്ഷയുയരുന്നത്. 
പുതിയ റാങ്കിംഗിൽ ഇന്ത്യ നൂറിനു താഴെയാണ്, 99 ാം സ്ഥാനത്ത്. മൗറിത്താനിയയെയാണ് ഇന്ത്യ പുതിയ റാങ്കിംഗിൽ മറികടന്നത്. ഇന്ത്യയുടെ തൊട്ടുപിന്നിൽ ഇപ്പോൾ ലെബനോനാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇന്ത്യ അഞ്ച് മത്സരങ്ങൾ ജയിച്ചു. നാലു കളികൾ സമനിലയാക്കി. സാഫ് ചാമ്പ്യൻഷിപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികവാണ് ഷൂട്ടൗട്ടുകളിൽ ടീമിന്റെ തുണക്കെത്തിയത്. ലെബനോനെതിരായ ഇന്റർകോണ്ടിനന്റൽ കപ്പ് സെമിഫൈനലിലും കുവൈത്തിനെതിരായ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിലും. 
ഇന്റർകോണ്ടിനന്റൽ കപ്പ് തുടങ്ങുമ്പോൾ ഇന്ത്യയുടെ ഒരേയൊരു ലക്ഷ്യം റാങ്കിംഗിൽ ഒരു സ്ഥാനം മുന്നേറുകയായിരുന്നു. ആ ലക്ഷ്യം സാധിച്ചു. ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ട് ആരംഭിക്കുമ്പോൾ ഈ നേരിയ മുന്നേറ്റം ഇന്ത്യക്ക് വലിയ ഗുണം ചെയ്യും. അടുത്തയാഴ്ചയാണ് യോഗ്യതാ റൗണ്ടിന്റെ പ്രാഥമിക ഘട്ടത്തിലെ ഗ്രൂപ്പുകളെ നിശ്ചയിക്കുക. ഏഷ്യയിലെ ഏറ്റവും താഴെയുള്ള 18 ടീമുകളാണ് ആദ്യ റൗണ്ടിൽ മാറ്റുരക്കുക. അതിൽ ജയിക്കുന്ന ഒമ്പത് ടീമുകൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറും. റാങ്കിംഗിൽ ഒരു സ്ഥാനം മുന്നോട്ടു കയറിയതോടെ ഏഷ്യയിലെ ആദ്യ 17 റാങ്കിലുള്ള ടീമുകളുമായി ഇന്ത്യക്ക് പൊരുതേണ്ടി വരില്ല. 
രണ്ടാം റൗണ്ട് മുതലാണ് മത്സരങ്ങൾക്ക് വാശിയേറുക. ഏഷ്യയിലെ ആദ്യ സ്ഥാനക്കാരായ ജപ്പാൻ, ഇറാൻ, ഓസ്‌ട്രേലിയ, തെക്കൻ കൊറിയ, സൗദി അറേബ്യ, ഖത്തർ, ഇറാഖ്, യു.എ.ഇ, ഒമാൻ ടീമുകളാണ് ഒമ്പത് ഗ്രൂപ്പുകളിൽ ഒന്നാമതായി വരിക. ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരായി വരിക ഉസ്‌ബെക്കിസ്ഥാൻ, ചൈന, ജോർദാൻ, ബഹ്‌റൈൻ, സിറിയ, വിയറ്റ്‌നാം, ഫലസ്തീൻ, കിർഗിസ്ഥാൻ, ഇന്ത്യ എന്നിവയാണ്. അതായത് ഇന്ത്യയുടെ ഗ്രൂപ്പിൽ ഇന്ത്യയേക്കാൾ റാങ്കിംഗുള്ള ഒരു ടീമേയുണ്ടാവൂ. ഇന്ത്യയേക്കാൾ ഒരു സ്ഥാനം പിന്നിലായ ലെബനോൻ മൂന്നാം നിരയിലാണ്. അതായത് ലെബനോനേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള രണ്ട് ടീമുകൾ അവരുടെ ഗ്രൂപ്പിലുണ്ടാവും. താജിക്കിസ്ഥാൻ, തായ്‌ലന്റ്, വടക്കൻ കൊറിയ, ഫിലിപ്പൈൻസ്, മലേഷ്യ, കുവൈത്ത്, തുർക്ക്‌മെനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് ലെബനോനൊപ്പം. അവസാന സ്ഥാനത്ത് ആദ്യ റൗണ്ടിൽ നിന്ന് മുന്നേറി വരുന്ന ഒമ്പത് ടീമുകളും. 
ഇന്ത്യ ഇനി കളിക്കുക തായ്‌ലന്റിലെ കിംഗ്‌സ് കപ്പിലാണ്. തായ്‌ലന്റ്, ഇറാഖ്, ലെബനോൻ ടീമുകൾ കിംഗ്‌സ് കപ്പിൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് മലേഷ്യയിലെ മെർദേക്ക കപ്പ് കളിക്കും. ഫലസ്തീനും മലേഷ്യയും ലെബനോനും ഈ ടൂർണമെന്റിൽ കളിക്കും. അതു കഴിഞ്ഞ് ഖത്തറിലെ ഏഷ്യൻ കപ്പാണ്. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ ടീമുകളാണ്. 
ഫിഫ റാങ്കിംഗ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം 1996 ൽ 94 ാം സ്ഥാനത്തെത്തിയതാണ്. കോച്ച് ഇഗോർ സ്റ്റിമാച് അഭ്യർഥിച്ചിട്ടും ഇന്ത്യൻ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കുന്നില്ല. ഏഷ്യയിലെ ആദ്യ എട്ടിലെത്തിയാലേ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കൂ എന്ന നിലപാടിലാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. 



 

Latest News