ന്യൂദല്‍ഹി-പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ചില്ലുപൊടിയില്‍ നിര്‍മിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങുകയായിരുന്നു. പടിഞ്ഞാറന്‍ ദല്‍ഹിയിലെ പശ്ചിം വിഹാറിലാണ് വേദനാജനകമായ സംഭവം.
പിതാവിനൊപ്പം ബൈക്കില്‍ നീന്തല്‍ ക്ലാസിന് പോകുകയായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ച് ചൈനീസ് പട്ടം ചരട് കുടുങ്ങുകയും കഴുത്തിന് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ചൈനീസ് പട്ടം ചരട് വില്‍ക്കുകയും ആളുകളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തവരാണ് അറസ്റ്റിലായത് ഡിസിപി ഹരേന്ദ്ര സിംഗ് പറഞ്ഞു. പശ്ചിമ വിഹാര്‍ പ്രദേശത്തെ കടകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 200 ഓളം പട്ടങ്ങളും 33 ചരടുകളും പിടിച്ചെടുത്തു.
2017-ല്‍ ചൈനീസ് പട്ടം ചരടുകളുടെ വില്‍പന, ഉല്‍പ്പാദനം, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഡല്‍ഹിയില്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.