ജയ്പുര്‍- സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയം എടുത്തുപറഞ്ഞ മന്ത്രിക്ക് രാജസ്ഥാനില്‍ സ്ഥാനം പോയി. ഗ്രാമവികസന, പഞ്ചായത്തിരാജ് സഹമന്ത്രി രാജേന്ദ്ര സിങ് ഗുഢയ്ക്കാണ് സ്വന്തം സര്‍ക്കാറിനെ വിമര്‍ശിച്ച് പുറത്തേക്ക് പോകേണ്ടി വന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗുഢയെ അടിയന്തരമായി മന്ത്രിസ്ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ശിപാര്‍ശ അംഗീകരിച്ചതായി ഗവര്‍ണര്‍ കല്‍രാജ് മിശ്ര അറിയിച്ചു.
ഭരണകക്ഷിയായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ നിയമസഭയില്‍ മണിപ്പുര്‍ വിഷയം ഉന്നയിച്ചതിനിടെ സ്വന്തം പിന്നാമ്പുറത്തേക്കും തിരിഞ്ഞുനോക്കണമെന്നു പറഞ്ഞതാണു ഗുഢയ്ക്ക് വിനയായത്. സ്ത്രീകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതില്‍ നമ്മളും പരാജയപ്പെട്ടുവെന്നതാണ് സത്യമെന്നും രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണെന്നും മണിപ്പുരിനെക്കുറിച്ചു പറയുന്നതിനു പകരം നമ്മള്‍ ആത്മ പരിശോധന നടത്തുകയാണു വേണ്ടതെന്നും സഭയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഗുഢ പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നു ബി. ജെ. പി ആരോപിച്ചതിനു പിന്നാലെയാണു രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ സ്വന്തം മന്ത്രിയുടെ ആരോപണം ഉയര്‍ന്നത്.