Sorry, you need to enable JavaScript to visit this website.

വഖഫ് സ്വത്തുക്കൾ അസാധുവാക്കണമെന്ന് ബി.ജെ.പി രാജ്യസഭാംഗം, എതിർപ്പുമായി ലീഗ് ഇടത് എം.പിമാർ

ന്യൂദൽഹി-1995ലെ വഖഫ് നിയമം അസാധുവാക്കാനുള്ള സ്വകാര്യ ബില്ലുമായി  ബി.ജെ.പി എം.പി ഹർനാഥ് സിംഗ് യാദവ്. ദി വഖഫ് റിപീൽ ബിൽ എന്നപേരിലാണ് സ്വകാര്യ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ബില്ല് അവതരിപ്പിക്കുന്നതിനായി വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. മണിപ്പൂർ വിഷയത്തെ ചൊല്ലി പാർലിമെന്റ് പ്രക്ഷുബ്ധമായതോടെ ഇത് സാധ്യമാകാതെ പോയി. ബില്ലിന് അവതരണാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഇടത് എം.പിമാരും മുസ്‌ലിം ലീഗിന്റെ അബ്ദുൽ വഹാബും നോട്ടീസ് നൽകിയിരുന്നു. സി.പി.എം എം.പിമാരായ എളമരം കരീം, ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ.എ റഹീം, സി.പി.ഐ എം.പിമാരായ ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ എന്നിവരാണ് സഭാചട്ടം 67 പ്രകാരം സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കരുത് എന്ന് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനോട് ആവശ്യപ്പെട്ടത്. മുസ്‌ലിം മതവിഭാഗത്തിനെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് ബില്ലെന്ന് ഇടതു എം.പിമാർ പറഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ലെന്ന്  എം.പിമാർ പറഞ്ഞു. രാജ്യത്തെ മുസലിംകളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡുകളും പ്രവർത്തിച്ചുവരുന്നത്  ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വഖഫ് ട്രിബ്യൂണലിന്റെ അധികാരപരിധി, മുതവല്ലിമാരുടെ ചുമതലകൾ, വഖഫ് ഭരണസംവിധാനങ്ങളുടെ ധനസഹായം, സർവേകൾ നടത്തൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമാണ്. മറ്റ് ബദലുകളൊന്നും നിർദ്ദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശപരമായി കാണാൻ സാധിക്കില്ല. ചില നിക്ഷിപ്ത താൽപര്യങ്ങൾക്കായും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ ഈ ബില്ലിനെ കണക്കാക്കാൻ കഴിയൂ. മാത്രമല്ല, മാതൃനിയമത്തിലെ പല വ്യവസ്ഥകളും ബില്ലിൽ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ വഖഫ് നിയമം അസാധുവാക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്ന് ഇടത് എം.പിമാർ ആവശ്യപ്പെട്ടു. ബിൽ അവതരിപ്പിക്കുന്നതിനുള്ള അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അംഗം  പി.വി  അബ്ദുൽ വഹാബും രാജ്യസഭ ചെയർമാൻ നോട്ടീസ് നൽകിയിരുന്നു.
 

Latest News