ബംഗളൂരു- സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് പ്രതിപക്ഷമായ ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി ജെ.ഡി(എസ്) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡി(എസ്) എൻ.ഡി.എയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയും ജെ.ഡി.എസും പ്രതിപക്ഷ പാർട്ടികളായതിനാൽ സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും നിയമസഭയ്ക്കകത്തും പുറത്തും കർണാടക സർക്കാറിന് എതിരെ പോരാടുമെന്നും കുമാരസ്വാമി പറഞ്ഞു.
എല്ലാ നേതാക്കളുടെയും അഭിപ്രായം ശേഖരിച്ച ശേഷം പാർട്ടി പുനസംഘടനക്ക് വേണ്ടി എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യത്തോടെ 10 അംഗ ടീമിനെ രൂപീകരിക്കണമെന്നും ദേവഗൗഡ നിർദേശിച്ചതായി കുമാരസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനിയും 11 മാസമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ നോക്കാം. പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തനിക്ക് അധികാരമുണ്ടെന്ന് ദേവഗൗഡ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.