മംഗളൂരു- മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും സദാചാര പോലീസ് നടപടികളിൽ ഏർപ്പെട്ടതിന് ദക്ഷിണ കന്നഡ ജില്ലയിലെ മൂന്ന് ബജ്‌റംഗ്ദൾ പ്രവർത്തകരെ നാടുകടത്താൻ കർണാടക പോലീസ് നീക്കം. നിയമവിരുദ്ധ പ്രവർത്തനങ്ങളും സമൂഹത്തിൽ അസ്വസ്ഥതകളും സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ നാടുകടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി മൂന്നു പേർക്കും പോലീസ് നോട്ടീസ് നൽകി. പ്രവർത്തകരോട് വെള്ളിയാഴ്ച മംഗളൂരുവിലെ ഡിസിപി, ക്രമസമാധാന വിഭാഗം ഓഫീസ് സന്ദർശിക്കാൻ ആവശ്യപ്പെട്ടു. സമൂഹത്തിലെ ക്രമസമാധാനം നിലനിർത്തുന്നതിനും സദാചാര പോലീസിംഗ് സംഭവങ്ങളെക്കുറിച്ച് സന്ദേശം നൽകുന്നതിനുമായി നാടുകടത്തൽ ഉത്തരവുകൾ നൽകുമെന്ന് പോലീസ് അറിയിച്ചു. ബജ്‌റംഗ്ദൾ പ്രവർത്തകരെ ഒരു വർഷത്തേക്ക് നാടുകടത്തുമെന്ന് പോലീസ് അറിയിച്ചു. സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ ബഹളമുണ്ടാക്കിയതിലും മുരോളിയിൽ ഹോളി ആഘോഷത്തിനിടെ ഇടപെട്ടതുമായി ബന്ധപ്പെട്ട കേസുകളാണ് ഇവരുടെ പേരിലുള്ളത്. ജ്വല്ലറിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2022 ഡിസംബർ 6ന് സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ വെച്ച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
2023 മാർച്ചിൽ മുരോളിയിൽ സംഘടിപ്പിച്ച ഹോളി പരിപാടിയായ 'രംഗ് ദേ ബർസ'യിൽ അതിക്രമിച്ച് കയറി കുഴപ്പമുണ്ടാക്കിയതും ഇതേസംഘമായിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഹോളി ആഘോഷിക്കുന്നതിനിടെയാണ് സംഘം ആക്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.