പനാജി - ഗോവയിൽ ഇന്ന് ആരംഭിച്ച പതിനാലാമത് ദ്വിദിന ക്ലീൻ എനർജി മിനിസ്റ്റീരിയൽ ഫോറത്തിലും എട്ടാമത് മിഷൻ ഇന്നൊവേഷൻ മീറ്റിംഗിലും പങ്കെടുത്ത് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. അഡ്വാൻസിംഗ് ക്ലീൻ എനർജി ടുഗെദർ എന്ന പ്രമേയത്തിൽ നടക്കുന്ന ഫോറത്തിൽ ഉന്നതതലത്തിലുള്ള വട്ടമേശാ ചർച്ചകളും യോഗങ്ങളും സാങ്കേതികവിദ്യാ പ്രദർശനങ്ങളും നടക്കുന്നുണ്ട്. ലോകമെമ്പാടും ക്ലീൻ എനർജി സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്ന നയങ്ങളും പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കാനാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഊർജ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളും സ്വകാര്യ മേഖലയും അക്കാദമിക വിദഗ്ധരും ഇന്നൊവേറ്റേഴ്‌സും സിവിൽ സൊസൈറ്റി പ്രതിനിധികളും പോളിസി മേക്കർമാരും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
2010 ൽ സ്ഥാപിതമായ ക്ലീൻ എനർജി മിനിസ്റ്റീരിയലിൽ 25 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും അംഗങ്ങളാണ്. ക്ലീൻ എനർജി സാങ്കേതികവിദ്യകൾ നൽകുന്ന നയങ്ങളും പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കുന്ന ഉന്നതതല ആഗോള ഫോറമാണിത്. 24 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും അംഗങ്ങളായ മിഷൻ ഇന്നൊവേഷൻ എല്ലാവർക്കും താങ്ങാവുന്നതും വിശ്വസനീയവുമായ ശുദ്ധമായ ഊർജ പരിഹാരങ്ങൾ നൽകാൻ മികച്ച പ്രകടനവും ചെലവ് കുറക്കലും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. മിഷൻ ഇന്നൊവേഷൻ, ആഗോള ക്ലീൻ എനർജി നവീകരണത്തിന്റെ വേഗതയെ ഊർജസ്വലമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.