ന്യൂദല്‍ഹി- തീവണ്ടിയാത്രയ്ക്കിടെ ജഡ്ജിക്ക് അനുഭവപ്പെട്ട അസൗകര്യത്തില്‍ റെയില്‍വേ അധികൃതരോട് അലഹാബാദ് ഹൈക്കോടതി വിശദീകരണം തേടിയ സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജിമാര്‍ക്ക് ലഭ്യമായ പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ ജുഡീഷ്യറിക്കുമേല്‍ വിമര്‍ശനമുണ്ടാക്കുന്ന വിധത്തിലോ പ്രയോജനപ്പെടുത്തരുതെന്ന് കാണിച്ച് ചീഫ് ജസ്റ്റിസ്, എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയച്ചു.
ന്യൂദല്‍ഹിയില്‍നിന്ന് പ്രയാഗ്രാജിലേക്കുള്ള യാത്രയ്ക്കിടെയാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗൗതം ചൗധരിയ്ക്ക് അസൗകര്യങ്ങള്‍ നേരിട്ടത്. ഇതിന് പിന്നാലെ അലഹാബാദ് ഹൈക്കോടതിയുടെ രജിസ്ട്രാര്‍ (പ്രോട്ടോക്കോള്‍) റെയില്‍വേ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. പുരുഷോത്തം എക്‌സ്പ്രസിലെ എ.സി.-1 കോച്ചില്‍വെച്ച് ജൂലൈ എട്ടിനാണ് സംഭവം.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലഘുഭക്ഷണം ലഭിക്കാതിരിക്കുകയും ഗവണ്‍മെന്റ് റെയില്‍വേ പോലീസിന്റെ സേവനം ലഭിക്കാതിരിക്കുകയും തീവണ്ടി വൈകിയോടിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ജഡ്ജിയെ ക്ഷുഭിതനാക്കിയത്. തുടര്‍ന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ മുഖാന്തരം നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജരോട് വിശദീകരണം തേടിയത്.