കോട്ടയം - അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്ഷേപിച്ചതിന്റെ പേരില്‍ നടന് വിനായകനെതിരെ കേസ് വേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകന് പറഞ്ഞത് എന്തെന്ന് കേട്ടിട്ടില്ല. എന്തു തന്നെ പറഞ്ഞാലും ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് മോശമായി പെരുമാറരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.