കോട്ടയം-പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ അന്ത്യശുശ്രൂഷാ ചടങ്ങിനിടെ തൊണ്ടയിടറി ജനത്തിന് നന്ദി പറഞ്ഞ് മകന് ചാണ്ടി ഉമ്മന്‍. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചതുകൊണ്ടാണ് തന്റെ പിതാവിന്റെ അന്ത്യ ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളോട് കാണിച്ച സ്നേഹം എടുത്തു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും പ്രത്യേകം നന്ദി അറിയിച്ചു. അവരെല്ലാം തുടര്‍ച്ചയായി തന്റെ പിതാവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവന്നു.
കേരളം, ഗോവ, ബംഗാള്‍ ഗവര്‍ണര്‍മാര്‍ക്കും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കാണിച്ച താത്പര്യത്തിന് സ്നേഹം അറിയിച്ചു. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: 'അദ്ദേഹം ആരെയും ദ്രോഹിച്ചതായി ഞാന്‍ കേട്ടിട്ടില്ല. എല്ലാവര്ക്കും നന്മ മാത്രം ചെയ്തയാളാണ്. എല്ലാവരോടും സ്നേഹം മാത്രം കാണിച്ചു. എല്ലാവര്ക്കും നന്മ മാത്രം ചെയ്തു. ഒരുപാട് പേരെ സഹായിച്ചു. അത് കണ്ട് വളരാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കുമുണ്ടായി. 24 മണിക്കൂറും ജോലി ചെയ്ത വ്യക്തിക്ക് ഈ നാട് 24 മണിക്കൂറിലേറെ സമയം ആദരം നല്‍കിയാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെയെത്തിച്ചത്. ഞാന്‍ സ്നേഹിക്കുന്നതിനേക്കാള്‍ നിങ്ങള്‍ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിത്തന്നതാണ് കഴിഞ്ഞ 10 മാസങ്ങള്‍. പുതുപ്പള്ളി അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചുവെന്നും അദ്ദേഹം തിരിച്ചും എത്രമാത്രം സ്നേഹിച്ചുവെന്നും എനിക്ക് അറിയാം. പുതുപ്പള്ളിയില്‍ തുടങ്ങിയ സ്നേഹം കേരളം മുഴുവന്‍ വ്യാപിച്ചു. അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാര്‍ഥിച്ച ഓരോ മലയാളിയോടുമുള്ള നന്ദി അറിയിക്കുന്നു'.