മാഞ്ചസ്റ്റര്‍- ട്രാവല്‍ ബ്ലോഗര്‍മാരില്‍ പലരും കൃത്യമായ ഇടവേളകളില്‍ യാത്രകള്‍ ചെയ്യുന്നവരാണ്. ഇത്തരം യാത്രകളിലൂടെ കാണുന്ന കാഴ്ചകളും മറ്റും എഴുതിയും പകര്‍ത്തിയുമാണ് അവര്‍ അടുത്ത യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നതും. ഇത്തരത്തില്‍ യാത്രകള്‍ ചെയ്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തുന്നവരെ വിശേഷിപ്പിക്കുന്ന പേരാണ് 'ഗ്ലോബ്ട്രോട്ടര്‍' . ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലോബ്ട്രോട്ടര്‍ ഒരു ഇന്ത്യന്‍ വംശജയാണ്. അദിതി ത്രിപാഠി. വയസ് 10. ഇതിനകം സന്ദര്‍ശിച്ച രാജ്യങ്ങളുടെ എണ്ണം 50. അപ്പോഴും അദിതി തന്റെ ക്ലാസുകള്‍ ഒന്ന് പോലും ഒഴിവാക്കിയിട്ടുമില്ല.
ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ കുടുംബത്തിലെ അംഗമാണ് അദിതി ത്രിപാഠി. അവളുടെ അച്ഛനുമമ്മയുമായ ദീപക്കും അഭിലാഷയും കുട്ടി ജനിച്ചപ്പോള്‍ യാത്രകള്‍ ചെയ്യണമെന്ന തീരുമാനമെടുത്തു. ഇത്തരം യാത്രകള്‍ മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. സ്‌കൂള്‍ അവധികള്‍, ബാങ്ക് അവധികള്‍, മറ്റ് അവധി ദിവസങ്ങള്‍ എന്നീ അവധി ദിവസങ്ങളാണ് യാത്രകള്‍ക്കായി അവര്‍ തെരഞ്ഞെടുത്തത്. മകളുമൊത്തുള്ള ലോക സഞ്ചാരത്തിന് ഒരോ വര്‍ഷവും ആ മാതാപിതാക്കള്‍ ഏതാണ്ട് 21 ലക്ഷം രൂപവരെ ചെലവഴിച്ചു. ഇതിനായി മറ്റ് അനാവശ്യ ചെലവുകള്‍ അവര്‍ ഒഴിവാക്കി. സ്വന്തമായി ഒരു കാര്‍ അവര്‍ വാങ്ങിയില്ല. ഭക്ഷണം കഴിയുന്നതും വീട്ടില്‍ നിന്ന് മാത്രം. ജോലിയും വീട്ടിലിരുന്ന്. അത് പോലെ തന്നെ വീട്ടിലുള്ളപ്പോള്‍ അവര്‍ അനാവശ്യ യാത്രകളും ഒഴിവാക്കി. എല്ലാം മകളെ ലോക സംസ്‌കാരങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രം.
'അവള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍, നഴ്സറി സ്‌കൂളിലായിരുന്നപ്പോഴാണ് ഞങ്ങള്‍ അവളോടൊപ്പം ആദ്യമായി യാത്ര ചെയ്യാന്‍ തുടങ്ങിയത്. അക്കാലത്ത് ആഴ്ചയില്‍ രണ്ടര ദിവസം അവള്‍ സ്‌കൂളില്‍ പോയി. ഇപ്പോള്‍, വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അവളുടെ സ്‌കൂള്‍ സമയം കഴിഞ്ഞയുടന്‍ ഞങ്ങള്‍ യാത്ര പോകുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ തിരിച്ചെത്തും. ചിലപ്പോള്‍ തിങ്കളാഴ്ച രാവിലെ. അത്തരം സന്ദര്‍ഭങ്ങളില്‍ അവള്‍ എയര്‍പോട്ടില്‍ നിന്ന് നേരിട്ട് സ്‌കൂളിലേക്ക് പോകും. യാത്രകള്‍ അവള്‍ക്ക് ആത്മവിശ്വാസവും ഒപ്പം ലോകമെങ്ങും കൂടുതല്‍ സുഹൃത്തുക്കളെയും നല്‍കി.' ദീപക് പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.