ജിദ്ദ - വിശുദ്ധ മുസ്ഹഫ് കോപ്പി അഗ്നിക്കിരയാക്കാൻ സ്വീഡിഷ് അധികൃതർ വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ബഗ്ദാദ് സ്വീഡിഷ് എംബസിക്ക് തീയിട്ടു. ശിയാ നേതാവ് മുഖ്തദ അൽസ്വദ്‌റിന്റെ അനുയായികളായ പ്രതിഷേധക്കാരാണ് ഇന്നു പുലർച്ചെ സ്വീഡിഷ് എംബസിയിൽ അതിക്രമിച്ചുകയറി തീയിട്ടത്. സ്വീഡനിലെ ഇറാഖ് എംബസിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി മുസ്ഹഫ് കോപ്പി കത്തിക്കാൻ സ്വീഡിഷ് അധികൃതർ വീണ്ടും അനുമതി നൽകിയിരുന്നു. സ്റ്റോക്ക്‌ഹോമിൽ മുസ്ഹഫ് കോപ്പി കത്തിക്കാനിരിക്കെയാണ് ബഗ്ദാദ് സ്വീഡിഷ് എംബസിക്കു നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിയത്.
സുരക്ഷാ വകുപ്പുകൾ ജലപീരങ്കിയും ഇലക്ട്രിക് ബാറ്റണുകളും ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ച. സുരക്ഷാ സൈനികർക്കു നേരെ പ്രതിഷേധക്കർ തിരിച്ച് കല്ലേറ് നടത്തി. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സ്വീഡിഷ് എംബസിക്കു മുന്നിൽ നൂറു കണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. നേരം പുലരുവോളം കാത്തുനിൽക്കാതെ പുലർച്ചെ തന്നെ ഇവർ എംബസി ചുറ്റുമതിൽ ചാടിക്കടന്ന് കെട്ടിടത്തിന് തീയിടുകയായിരുന്നു. എംബസി മെയിൻ ഗെയ്റ്റ് തകർക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. എംബസി ആസ്ഥാനത്ത് കയറിയ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിച്ചു. പ്രതിഷേധക്കാരിൽ ചിലർ എംബസിക്കു മുന്നിൽ പ്രഭാത നമസ്‌കാരം നിർവഹിച്ചു. വിശുദ്ധ ഖുർആൻ കോപ്പി കൈയിലേന്തിയാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്.
എംബസി ജീവനക്കാർ സുരക്ഷിതരാണെന്ന് സ്വീഡിഷ് വിദേശ മന്ത്രാലയം പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണ ചുമതല ഇറാഖ് അധികൃതർക്കാണ്. എംബസികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരായ ആക്രമണങ്ങൾ വിയന്ന കൺവെൻഷന്റെ നഗ്നമായ ലംഘനമാണെന്നും സ്വീഡിഷ് വിദേശ മന്ത്രാലയം പറഞ്ഞു. സംഭവത്തിൽ നേരിട്ട് പ്രതിഷേധം അറിയിക്കാൻ സ്റ്റോക്ക്‌ഹോം ഇറാഖ് എംബസി ചാർജ് ഡി അഫയേഴ്‌സിനെ സ്വീഡിഷ് വിദേശ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
ഇന്നു ഗ്രീനിച്ച് സമയം രാവിലെ പതിനൊന്നിനും ഉച്ചക്ക് ഒരു മണിക്കും ഇടയിലുള്ള നേരത്ത് സ്റ്റോക്ക്‌ഹോം ഇറാഖ് എംബസിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താനും മുസ്ഹഫ് കോപ്പി കത്തിക്കാനും സ്വീഡിഷ് പോലീസ് അനുമതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസം സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിനു മുന്നിൽ വെച്ച് പോലീസ് കാവലിൽ മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തി കത്തിച്ച ഇറാഖി അഭയാർഥി സൽവാൻ മോമികയാണ് ഇറാഖ് എംബസിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി മുസ്ഹഫും ഇറാഖ് പതാകയും കത്തിക്കാൻ വീണ്ടും അനുമതി നേടിയത്.
സ്വീഡിഷ് എംബസി ആക്രമണത്തെ ഇറാഖ് വിദേശ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി അക്രമികളെ തിരിച്ചറിഞ്ഞ് പ്രോസിക്യൂട്ട് ചെയ്യാൻ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് ഇറാഖ് ഗവൺമെന്റ് നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സ്വീഡിഷ് എംബസിക്കെതിരായ ആക്രമണം വിശകലനം ചെയ്യാൻ അടിയന്തിര യോഗം ചേരുമെന്ന് വിദേശ മന്ത്രാലയ വക്താവ് അഹ്‌മദ് അൽസഹാഫ് പറഞ്ഞു. സ്റ്റോക്ക്‌ഹോം ഇറാഖ് എംബസിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി മുസ്ഹഫ് കോപ്പി കത്തിക്കാൻ അനുമതി നൽകിയതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ സ്വീഡനുമായി ഇറാഖ് ബുധനാഴ്ച സംസാരിച്ചിരുന്നെന്നും ഇറാഖ് വിദേശ മന്ത്രാലയ വക്താവ് അഹ്‌മദ് അൽസഹാഫ് പറഞ്ഞു.
ജൂൺ 28 ന് സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിനു മുന്നിൽ വെച്ച് ഇറാഖി അഭയാർഥി സൽവാൻ മോമിക ശക്തമായ പോലീസ് കാവലിൽ മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തി കത്തിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുഖ്തദ അൽസ്വദ്ർ അനുയായികൾ ജൂൺ 29 ന് ബഗ്ദാദ് സ്വീഡിഷ് എംബസിയിൽ അതിക്രമിച്ചുകയറിയിരുന്നു. പത്തു മിനിറ്റിനു ശേഷമാണ് അന്ന് പ്രതിഷേധക്കാർ എംബസിയിൽ നിന്ന് പുറത്തുപോയത്.
സ്റ്റോക്ക്‌ഹോം മസ്ജിദിനു മുന്നിൽ പോലീസ് കാവലിൽ ബലിപെരുന്നാൾ ദിവസം മുസ്ഹഫ് കോപ്പി കത്തിച്ച സംഭവം മുസ്‌ലിം ലോകത്ത് ശക്തമായ പ്രതിഷേധങ്ങൾക്കും രോഷത്തിനും ഇടയാക്കിയിരുന്നു. സൗദി അറേബ്യ അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തിൽ സ്വീഡിഷ് ഗവൺമെന്റിനെ രേഖാമൂലം കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഭരണഘടന അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം വകവെച്ചു നൽകുന്ന കാര്യം പറഞ്ഞ് സ്റ്റോക്ക്‌ഹോം ഇറാഖ് എംബസിക്കു മുന്നിൽ മുസ്ഹഫ് കോപ്പി വീണ്ടും കത്തിക്കാൻ ക്രിസ്തുമത വിശ്വാസിയായ ഇറാഖി അഭയാർഥിക്ക് സ്വീഡിഷ് പോലീസ് കഴിഞ്ഞ ദിവസം അനുമതി നൽകുകയായിരുന്നു.
ക്യാപ്.
ബഗ്ദാദ് സ്വീഡിഷ് എംബസി കെട്ടിടത്തിന്റെ ചുറ്റുമതിൽ പ്രതിഷേധക്കാർ ചാടിക്കടക്കുന്നു.