Sorry, you need to enable JavaScript to visit this website.

ഇന്ത്യ-പാക് പ്രണയകഥ; സീമയുടെ മൊഴികളിൽ വൈരുധ്യം, മറ്റു ചിലരേയും പരിചയം

ലഖ്‌നൗ- കാമുകനൊപ്പം താമസിക്കാനായി നാലു മക്കളോടൊപ്പം ഒളിച്ചോടി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദര്‍ ചോദ്യം ചെയ്യലില്‍ നല്‍കുന്നത് പരസ്പര വിരുദ്ധമായ മൊഴികള്‍. നേരത്തെ, പോലീസ് അന്വേഷിച്ചിരുന്ന കേസ് നിലവില്‍ എടിഎസ് ആണ് അന്വേഷിക്കുന്നത്. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് എടിഎസിന് നല്‍കിയ മൊഴി. 

സീമ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ സിദ്ധാര്‍ത്ഥ് നഗറിലെ രൂപാന്‍ദേഹി-ഖുന്‍വ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് ലഖ്‌നൗവിലെ ഡിജിപി ഹെഡ് ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. സോനൗലി വഴി എത്തിയെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. 2019ലാണ് കാമുകന്‍ സച്ചിന്‍ മീണയുമായി ആദ്യം സംസാരിച്ചതെന്നാണ് സീമ ആദ്യം നല്‍കിയ മൊഴിയിലുള്ളത്. എന്നാല്‍  2020ലാണ് ആദ്യം സംസാരിച്ചതെന്നാണ് പിന്നീട് പറഞ്ഞത്. 

മെയ് 13നാണ് അതിര്‍ത്തി കടന്നത് എന്നാണ് സീമയും സച്ചിനും പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ മെയ് 13ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സോനൗലി, സീതാമര്‍ഹി സെക്ടറുകളില്‍ സീമ എത്തിയിട്ടില്ലെന്ന് വ്യക്തമായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കുന്ന പൗരന്‍മാരുടെ വിവരങ്ങള്‍ ഇരു രാജ്യങ്ങളിലെയും പോലീസുകാര്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ സീമയുടേയും സച്ചിന്റെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല. നേപ്പാളിലെ ഹോട്ടലില്‍ ഇന്ത്യക്കാരിയാണ് എന്ന് പറഞ്ഞാണ് സീമ താമസിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. സീമ നേപ്പാളില്‍ എത്തുന്നതിന് മുന്‍പ് തന്നെ സച്ചിന്‍ എത്തി മുറി ബുക്ക് ചെയ്തിരുന്നു. ഓൺലൈൻ ഗെയിമായി പബ്ജി വഴി മറ്റുചില ഇന്ത്യക്കാരുമായും താന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി സീമ മൊഴി നല്‍കിയിട്ടുണ്ട്. ദല്‍ഹിയിലെ ചില യുവാക്കളുമായാണ് സീമ സംസാരിച്ചത്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. 

സീമ ഹൈദര്‍ പാകിസ്ഥാന്‍ ഏജന്റ് ആണോ എന്ന കാര്യത്തില്‍ നിലവില്‍ സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ലോ ആന്റ് ഓര്‍ഡര്‍ സ്‌പെഷ്യല്‍ ഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. വിഷയം രണ്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെ ഒന്നും പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

.

Latest News