ന്യൂദല്‍ഹി- മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തതിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമം പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഇവ നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂരില്‍ കുക്കി-സോ ഗോത്ര വര്‍ഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെയാണ് വിവസ്ത്രരാക്കി പരസ്യമായി റോഡിലൂടെ നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയിലാണ് സംഭവം. കഴിഞ്ഞ മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിലൂടെ നഗ്നരാക്കി നടത്തിയ സ്ത്രീകളെ വയലില്‍ വെച്ചാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. മണിപ്പൂരില്‍ മെയ്തി-കുക്കി സംഘര്‍ഷം ഉടലെടുത്തതിന്റെ പിറ്റേ ദിവസമാണ് കൂട്ടബലാല്‍സംഗം അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളും കുക്കി-സോ ഗോത്രത്തില്‍പ്പെട്ടവരാണെന്ന് കുക്കി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഐ ടി എല്‍ എഫ് പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എം പിയും എന്‍ കെ പ്രേമചന്ദ്രനും മനീഷ് തിവാരിയും ലോകസഭയിലും നോട്ടീസ് നല്‍കി.