ന്യൂദല്‍ഹി-പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മണിപ്പൂര്‍ വിഷയത്തില്‍ ആദ്യ ദിവസം തന്നെ അടിയന്തിര പ്രമേയത്തിന് ഇരു സഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, ഡല്‍ഹി ഓര്‍ഡിനന്‍സ്, ഏക സിവില്‍ കോഡ്, ബാലസോര്‍ തീവണ്ടിദുരന്തം, പണപ്പെരുപ്പം, അദാനിയുടെ ഇടപാടുകള്‍, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. സഭയിലെ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേരുന്നുണ്ട്. ഈ സമ്മേളനത്തില്‍ 31 ബില്ലുകളെങ്കിലും സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും.
മണിപ്പൂര്‍ അക്രമസംഭവങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സംഘര്‍ഷം ആരംഭിച്ചതുമുതല്‍ എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ ചര്‍ച്ചയാക്കുമെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരിക്കുന്നത്.