ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. ഓഗസ്റ്റ് 11 വരെ നീളുന്ന സമ്മേളനത്തില്‍ 32 ബില്ലുകളാണ് പരിഗണനയ്‌ക്കെത്തുന്നത്.
സിനിമകളുടെ വ്യാജ പതിപ്പുകള്‍ക്കു തടയിടാനും ചിത്രങ്ങളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത കാറ്റഗറികളിലാക്കുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്താനുമുള്ളത് ഉള്‍പ്പെടെയുള്ള ബില്ലുകളുണ്ട്.
ദല്‍ഹിയിലെ അധികാരത്തര്‍ക്കം സംബന്ധിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും പാര്‍ലമെന്റിലുണ്ട്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 26 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യം എതിര്‍ക്കും.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ തയ്യാറാണെന്നാണ് പാര്‍ലമെന്റ്‌റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചത്.
സഭ ശരിയായി നടത്തിക്കൊണ്ടു പോകണമെങ്കില്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ പ്രതികരിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യിലെ എം. പിമാര്‍ സഭയില്‍ പൊതുവായി സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. വിവിധ വിഷയങ്ങളില്‍ നിലവില്‍ വ്യത്യസ്ത അഭിപ്രമായമാണു സഖ്യത്തിലെ കക്ഷികള്‍ക്ക് എന്നതിനാലാണ് പൊതുനിലപാടിന് ശ്രമം നടക്കുന്നത്.
ഇരു സഖ്യങ്ങളിലുമിില്ലാത്ത ബി. ജെ. ഡി, വൈ. എസ്. ആര്‍ കോണ്‍ഗ്രസ്, ബി. ആര്‍. എസ് കക്ഷികള്‍ പാര്‍ലമെന്റിലും നിയമസഭകളിലും വനിതാ സംവരണത്തിന് ബില്‍ കൊണ്ടുവരണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ത്തി.