ഇംഫാല്‍ - മണിപ്പൂരില്‍ കുക്കി-സോ ഗോത്ര വര്‍ഗത്തില്‍ പെട്ട് രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി പരസ്യമായി റോഡിലൂടെ നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് സംഭവം. കഴിഞ്ഞ മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സ്ത്രീകളെ വയലില്‍ വെച്ചാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. മണിപ്പൂരില്‍ മെയ്തി-കുക്കി സംഘര്‍ഷം ഉടലെടുത്തതിന്റെ പിറ്റേ ദിവസമാണ് കൂട്ടബലാല്‍സംഗം അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളും കുക്കി-സോ ഗോത്രത്തില്‍പ്പെട്ടവരാണെന്ന് കുക്കി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഐ ടി എല്‍ എഫ് പ്രസ്താവനയില്‍ പറഞ്ഞു.