കോഴിക്കോട് - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1762 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവത്തിൽ മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി(34)നെ അറസ്റ്റ് ചെയ്തു. ഷാർജയിൽനിന്ന് എയർ അറേബ്യയുടെ ജി9 459 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. പിടികൂടിയ സ്വർണത്തിന് 1,05,54,380 രൂപ വിലവരും. കോഴിക്കോട് ഡി.ആർ.ഐ വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അടിവസ്ത്രത്തിൽ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.