തിരുവനന്തപുരം- അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡല്‍ഹിയിലുള്ള രാഹുല്‍ വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച മൂന്നരയ്ക്കാണു സംസ്കാര ചടങ്ങുകള്‍.തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മന്‍ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്തു കാത്തുനില്‍ക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. 23 കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം അഞ്ചര മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
പ്രിയനേതാവിനോടുള്ള ജനങ്ങളുടെ കരതലും ആര്‍ദ്രതയും എന്താണെന്ന് അടയാളപ്പെടുത്തുന്നതാണ് ഈ വിലാപയാത്ര. റോഡിന് ഇരുവശവും കൈക്കുഞ്ഞുങ്ങളമായി എത്തിയ അനേകം അമ്മമാര്‍, വയോധികര്‍, അംഗപരിമിതര്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ജനകീയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നത് വഴിനീളെ കാണാമായിരുന്നു.
ബുധനാഴ്ച വൈകിട്ട് കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം രാത്രിയോടെയാകും പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാകും വിലാപയാത്ര കോട്ടയത്തെത്തുക.ഇതേതുടര്‍ന്ന് എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംസി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ ദേശീയപാത വഴി കടത്തിവിടും.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്നു മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.