മക്ക - വിശുദ്ധ ഹറമിന്റെ വാർഷിക കിസ്‌വ മാറ്റൽ ചടങ്ങ് പൂർത്തിയായി. കിംഗ് അബ്ദുൽ അസീസ് കിസ് വ ഫാക്ടറി ഉദ്യോഗസ്ഥർ ഇന്നലെ മഗ്‌രിബിന് ശേഷം തുടങ്ങിയ ചടങ്ങുകൾ ഇന്ന് പുലർച്ചെയോടെയാണ് പൂർത്തിയായത്. ഹറം സുരക്ഷാ വകുപ്പ് തീർത്ത വലയത്തിൽ പഴയ കിസ്‌വ മാറ്റി പുതിയത് തുന്നിച്ചേർത്തു.
പുതിയ കിസ്‌വയുടെ നാലു വശങ്ങളും വാതിൽ വിരിയും കഅ്ബയുടെ മുകളിലേക്ക് വെവ്വേറെ ഉയർത്തി. പഴയ കയറുകൾ അഴിച്ചതിന് ശേഷം പുതിയ കിസ് വയുടെ കയറുകൾ ബന്ധിച്ചു. ശേഷം പഴയ കിസ്‌വ സാവധാനം ഇളക്കി താഴേക്ക് ഇറക്കുകയും പുതിയത് കൊണ്ട് കഅ്ബയെ ധരിപ്പിക്കുകയും ചെയ്തു. ശേഷം നാലുവശവും നേർരേഖയിൽ ബെൽറ്റിൽ തുന്നിക്കെട്ടി. എല്ലാ വശങ്ങളും ശരിയാക്കിയ ശേഷം വസ്ത്രം മുകളിൽ നിന്ന് താഴേക്ക് തുന്നിക്കെട്ടി മൂലകളിൽ ഉറപ്പിച്ചു. പിന്നീട് വാതിൽ വിരികൾ തൂക്കി. കിസ്‌വയിൽ 3.30 മീറ്റർ വീതിയിൽ മൂന്ന് തുളകൾ ഉണ്ടാക്കി അതിൽ വിരി ഉറപ്പിച്ചശേഷം തുന്നിച്ചേർത്ത് അറ്റങ്ങൾ ഉറപ്പിച്ചു.
850 കിലോ പട്ട്, 120 കിലോ സ്വർണ കമ്പികൾ, 100 കിലോ വെളളിക്കമ്പികൾ എന്നിവയാണ് ഈ വർഷത്തെ കിസ്‌വ നിർമിക്കാൻ ഉപയോഗിച്ചത്. കിസ് വ ഫാക്ടറിയിൽ 200 ഓളം പേർ ഇതിന്നായി ജോലി ചെയ്തു. 16 മീറ്റർ നീളമുള്ള തുന്നൽ മെഷീനുപയോഗിച്ചാണ് ഇതിന്റെ നിർമാണം. ലോകത്തെ എറ്റവും വലിയ തുന്നൽ മെഷീനാണിത്. എല്ലാ വർഷവും മുഹറം ഒന്നിനാണ് കിസ്‌വ മാറ്റൽ നടക്കാറുള്ളത്.