യുനൈറ്റഡ് നേഷൻസ്- ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ യു.എന്നിന് പത്ത് ലക്ഷം ഡോളർ സംഭാവന നൽകി. ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദി സംസാരിക്കുന്നവരെ ലക്ഷ്യമിട്ട് യു.എൻ വാർത്തകളും മറ്റും എത്തിക്കുന്നതിനാണ് തുക ചെലവഴിക്കുകയെന്ന് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി ജനറൽ മെലിസ ഫ്ളെമിംഗ് ട്വീറ്റ് ചെയ്തു. ഹിന്ദി സർവീസിലേക്ക് ഇന്ത്യയുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് മെലിസ കൂട്ടിച്ചേർത്തു.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജാണ് പത്ത് ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറിയത്. യു.എന്നിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ സഹായം തുടരുമെന്ന് അവർ പറഞ്ഞു. വാർത്തകളും മൾട്ടി മീഡിയ ഉള്ളടക്കങ്ങളും ഹിന്ദിയിൽ ലഭ്യമാക്കുന്നത് ഇന്ത്യയിലും ഹിന്ദി സംസാരിക്കുന്നവരുള്ള മറ്റു രാഷ്ട്രങ്ങളിലും സ്വീകാര്യത നേടിയിട്ടുണ്ടേന്ന് അവർ കൂട്ടിച്ചേർത്തു.