ലുധിയാന- സുഹൃത്തിനെ കബളിപ്പിച്ച് 10 കിലോ സ്വർണം കവർന്ന സംഭവത്തിൽ 42 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ട് കൂട്ടാളികളെ സിജിഎസ്‌ടി ഇൻസ്‌പെക്ടർമാരായി അയച്ചാണ് സുഹൃത്തിന്റെ ജീവനക്കാരിൽ നിന്ന് സ്വർണം കവർന്നത്. ജീവനക്കാരിൽ ഒരാൾ പ്രതിയുമായി ബന്ധപ്പെട്ടിരുന്നതായും പഞ്ചാബ് പോലീസ് പറഞ്ഞു.
മുഖ്യപ്രതിയും ലുധിയാന സ്വദേശിയുമായ സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തു, പരാതിക്കാരന്റെ ജീവനക്കാരൻ ഉൾപ്പെടെയുള്ള കൂട്ടാളികൾ ഒളിവിലാണ്. കരോൾ ബാഗിൽ നിന്ന് ഓർഡർ സ്വീകരിക്കാൻ ജൂലൈ 10 ന് തന്റെ ഡ്രൈവറെയും മറ്റൊരു ജീവനക്കാരനെയും അയച്ചതായി ജ്വല്ലറി ഉടമ പറഞ്ഞു. സ്വർണം വാങ്ങിയതിനു പിന്നാലെ സിജിഎസ് ടി ഉദ്യോഗസ്ഥരായ രണ്ടുപേർ ഇവരെ സമീപിച്ചു.
മതിയായ രേഖകൾ ഇല്ലാതെയാണ് ഇടപാടെന്നും തങ്ങൾക്ക് സൂചന ലഭിച്ചുവെന്നുമാണ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയവർ തൊഴിലാളികളോട് പറഞ്ഞതെന്നും സ്വർണം മുഴുവൻ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. പഞ്ചാബിലെ ഖന്നയിൽ നിന്നാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസിന് തുമ്പുണ്ടാക്കിയത്.