ജനീവ-അടുത്തിടെ പോളണ്ടില്‍ 45ലേറെ പൂച്ചകളെ അജ്ഞാത രോഗലക്ഷണങ്ങളോടെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ലോകത്ത് ഇതാദ്യമായാണ് ഒരു പ്രദേശത്ത് ഇത്രയധികം പൂച്ചകള്‍ക്ക് പക്ഷിപ്പനി ഒരേ സമയം സ്ഥിരീകരിക്കുന്നത്. അതേ സമയം, രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യത കുറവാണ്. രാജ്യത്തിന്റെ 13 പ്രദേശങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത പൂച്ചകളുടെ അസ്വഭാവിക മരണത്തെ പറ്റി കഴിഞ്ഞ മാസം അവസാനമാണ് പോളിഷ് അധികൃതര്‍ ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 46 പൂച്ചകളില്‍ 29 എണ്ണത്തിന് പക്ഷിപ്പനിയുടെ എച്ച് 5 എന്‍ 1 വകഭേദം സ്ഥിരീകരിച്ചു. ഇതില്‍ മുക്കാല്‍ ഭാഗവും വളര്‍ത്തു പൂച്ചകളാണ്. ഇതില്‍ 14 എണ്ണത്തെ ദയാവധത്തിന് വിധേയമാക്കി. 11 എണ്ണം ചത്തുപോയി. ജൂണ്‍ 30നാണ് പക്ഷിപ്പനി ബാധിച്ചുള്ള പൂച്ചയുടെ മരണം അവസാനമായി രേഖപ്പെടുത്തിയത്. ഈ പൂച്ചകളുമായി സമ്പര്‍ക്കത്തില്‍ വന്ന മനുഷ്യര്‍ക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ല. പൂച്ചകളിലേക്ക് വൈറസ് പടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. 2021 മുതല്‍ യൂറോപ്പില്‍ പക്ഷിപ്പനി കേസുകള്‍ ഉയരുകയാണ്. ലക്ഷക്കണക്കിന് വളര്‍ത്തുകോഴികളെയും മറ്റും കൊല്ലേണ്ടി വന്നു. എച്ച് 5 എന്‍ 1 വകഭേദമാണ് കൂടുതല്‍ കേസുകളിലും കണ്ടെത്തിയത്. 1996ലാണ് ഈ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്.