ന്യൂദൽഹി- യു.കെയിലെ വിവിധ സർവകലാശാലകളിൽ സെപ്റ്റംബറിൽ പ്രവേശനം തരപ്പെടുത്താൻ വിദ്യാർഥികളുടെ തിരക്ക്. ജനുവരി മുതൽ രാജ്യത്തെ സർവകലാശാലകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ആശ്രിതരെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വലിയ തിരിക്കിനു കാരണം.
ഇന്ത്യയിലുള്ളവർ മാത്രമല്ല, മെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികൾ, യുകെയിൽ ഉന്നത വിദ്യാഭ്യാസം നേടാനും ആശ്രിതരെ കൊണ്ടുവരാനും ആഗ്രഹിക്കുന്നു. ജനുവരി മുതൽ ആശ്രതർക്ക് വിലക്കു വരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. നിലവിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരാം
അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിൽ ആഴ്ചയിൽ 20 മണിക്കൂർ വരെയും ഇടവേളകളിൽ മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയുമെങ്കിലും ആശ്രിതർക്ക് മുഴുവൻ സമയവും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. യുകെയിലേക്ക് അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ അനുഗമിക്കുന്ന ആശ്രിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ വർധന അംഗീകരിക്കുമ്പോൾ തന്നെ ആശ്രിതരുടെ എണ്ണം വർധിക്കുന്നതിൽ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിക്കുന്നു.