ബെംഗളുരു - അന്തരിച്ച കേരള മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരുന്നതിനായി ബെംഗളുരു വിമാനത്താവളത്തിലെത്തിച്ചു. കര്‍ണാടക മുന്‍ മന്ത്രി ടി ജോണിന്റെ ബെംഗളൂരു ഇന്ദിരാ നഗര്‍ കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ആംബുലന്‍സിലാണ് വിമാനത്തവളത്തിലേക്ക് കൊണ്ടു വന്നത്. ബെംഗളുരുവില്‍ പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം മുന്‍ മന്ത്രി ടി ജോണിന്റെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്കുള്ള വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. കെ പി സി സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനമുണ്ടാകും. പിന്നീട് തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലേക്ക് മൃതദേഹം വിലാപ യാത്രയായി എത്തിക്കും. സംസ്‌കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വ്യാഴാഴ്ച നടക്കും. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നു ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.