ന്യൂദൽഹി- ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ ഐക്യ സമ്മേളനത്തിന് സമാന്തരമായി ദൽഹിയിൽ നടക്കുന്ന ബി.ജെ.പിയുടെ ശക്തിപ്രകടനത്തിൽ 38 പാർട്ടികൾ പങ്കെടുക്കുമെന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. 38 ൽ ഭൂരിഭാഗവും സ്വാധീനമുള്ള ചെറിയ സഖ്യകക്ഷികളാണെന്നും നദ്ദ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 26 കക്ഷികളാണ് പങ്കെടുക്കുക. ഇതിനെ കവച്ചുവെക്കാനാണ് കൂടുതൽ കക്ഷികളെ എൻ.ഡി.എ കൂടെകൂട്ടുന്നത്. എൻ.ഡി.എയുടെ വ്യാപ്തിയും സ്വാധീനവും വർഷങ്ങളായി വർധിച്ചതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. വികസനത്തിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആഗ്രഹം എൻ.ഡി.എയുടെ വിപുലീകരണത്തിലേക്ക് നയിച്ചു. മോഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി നൽകിയ നല്ല ഭരണത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജൂണിൽ പട്നയിൽ പ്രതിപക്ഷം ആദ്യ ഐക്യയോഗം സംഘടിപ്പിച്ച് ആഴ്ചകൾക്കുശേഷമാണ് സഖ്യകക്ഷികളെ തേടി ബി.ജെ.പി രംഗത്തെത്തിയത്. 1970 കളിലെ ജെ.പി പ്രസ്ഥാനത്തിന്റെ മാതൃകയിലുള്ള തങ്ങളുടെ ഐക്യ നീക്കം ബിജെപിയെ ചൊടിപ്പിച്ചതായി പ്രതിപക്ഷം പരിഹസിച്ചു.
അതേസമയം കൂടുതൽ കക്ഷികളെ കൂടെ ചേർക്കാനുള്ള നീക്കവുമായി എൻ.ഡി.എ മുന്നോട്ടു നീങ്ങുകയാണ്. എൻ.ഡി.എയുമായുള്ള ബന്ധം വേർപെടുത്തിയ ബീഹാറിൽനിന്നാണ് ഭൂരിഭാഗം അംഗങ്ങളെയും എൻ.ഡി.എ കൂടെച്ചേർത്തത്. രാഷ്ട്രീയ ലോക് സംത പാർട്ടിയുടെ ഉപേന്ദ്ര സിംഗ് കുശ്വാഹ, വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി എന്നീ കക്ഷികൾ എൻ.ഡി.എയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പിയിൽ നിന്ന് ഒരു കക്ഷിയെയും മുന്നണിയിൽ ചേർത്തു.