ബംഗളൂരു- പത്തു വർഷത്തിനിടെ 15 വിവാഹം നടത്തി യുവതികളെ കബളിപ്പിച്ച് മൂന്ന് കോടിയിലേറെ രൂപ തട്ടിയ യുവാവ് ഒമ്പത് വിവാഹങ്ങൾ കൂടി നടത്താനുള്ള ചർച്ചയിലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച മഹേഷ് കെ ബി നായക് (35) ക ഴിഞ്ഞ 10 വർഷമായി മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ ഡോക്ടറായും എഞ്ചിനീയറായും വേഷം കെട്ടി സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിച്ചു വരികയായിരുന്നു. തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തോന്നിയ മറ്റ് ഒമ്പത് സ്ത്രീകളുമായി പ്രതി ചർച്ച”യിലായിരുന്നുവെന്ന കണ്ടെത്തൽ തന്നെ ശരിക്കും ഞെട്ടിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മൈസൂരു പോലീസ് സബ് ഇൻസ്പെക്ടർ എം. രാധ,
ബംഗളൂരുവിൽ താമസിക്കുന്ന 45 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നൽകിയ പരാതിയാണ് നായക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 2022 ഓഗസ്റ്റ് 22 ന് മാട്രിമോണിയൽ വെബ്‌സൈറ്റിലാണ് പ്രതിയെ സ്ത്രീ കണ്ടുമുട്ടിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. മൈസൂരിൽ താമസിക്കുന്ന ഓർത്തോപീഡിഷ്യനാണെന്ന് അവകാശപ്പെട്ട നായക് അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. 2022 ഡിസംബർ 22-ന്, നായക് യുവതിയെ മൈസൂരുവിലേക്ക് കൊണ്ടുവന്നു. അവിടെ സ്ത്രീയെ പ്രതി വാടകയ്‌ക്ക് എടുത്ത വീട്ടിൽ താമസിപ്പിച്ചു. വീട് തന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പറഞ്ഞിരുന്നത്. നഗരത്തിൽ പുതിയ ക്ലിനിക്ക് തുടങ്ങുകയാണെന്നും സ്ത്രീയോട് പറഞ്ഞിരുന്നതായി എഫ്‌ഐആറിൽ പറയുന്നു.
കഴിഞ്ഞ ജനുവരി 28 ന് വിശാഖപട്ടണത്തെ ആഡംബര ഹോട്ടലിൽ വെച്ച് വിവാഹിതരായി അടുത്ത ദിവസം മൈസൂരുവിലേക്ക് മടങ്ങി, അതിന്റെ പിറ്റേന്ന്, ജനുവരി 30 ന്, മൂന്ന് ദിവസത്തേക്ക് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു. ക്ലിനിക്ക് തുടങ്ങാൻ 70 ലക്ഷം രൂപ വായ്‌പ ചോദിച്ചു. യുവതി വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി അഞ്ചിന് നായക് യുവതിയുടെ 15 ലക്ഷം രൂപയും പണവും സ്വർണവും തട്ടിയെടുത്ത് കടന്നു കളഞ്ഞു.
നായക്കിനെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനിടെ, നായക് തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് മറ്റൊരു സ്ത്രീ വീട്ടിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയതും ഒടുവിൽ നായക്ക് അറസ്റ്റിലായതും. .
ജൂലൈ ഒമ്പതിനാണ് മൈസൂരിൽ നിന്നുള്ള പ്രത്യേക സംഘം നായക്കിനെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ വെബ്‌സൈറ്റുകളിലെ ഇയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ, വിവാഹം കഴിക്കാൻ തയ്യാറായ മറ്റ് ഒമ്പത് സ്ത്രീകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി.അഞ്ചാം ക്ലാസിന് ശേഷം വിദ്യാഭ്യാസം നിലച്ചതോടെ നായക് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയിൽ അഭിനയിക്കാനുള്ള അവസരം തേടിയാണ് ചെലവഴിച്ചത്. പക്ഷേ, അവസരം ലഭിച്ചില്ല. കുടുംബവുമായും നല്ല ബന്ധത്തിലായിരുന്നില്ല .മാതാപിതാക്കളും രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ് കുടുംബം.