മുംബൈ-വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി യുവതികളടങ്ങുന്ന സംഘം തട്ടിയെടുത്തത് കോടികള്‍. തുടര്‍ന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ വ്യവസായി പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ വേറിട്ട പദ്ധതി പുറംലോകമറിഞ്ഞത്. നിലവില്‍ രണ്ട് യുവതികളടക്കം നാല് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിനെതിരെ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോലാലംപൂര്‍ സ്വദേശിയായ വ്യവസായിയില്‍ നിന്നും കോഴിച്ചോരയുടെ ബലത്തില്‍ മൂന്ന് കോടിയോളം രൂപയാണ് നാല്‍വര്‍ സഘം തട്ടിയെടുത്തത്.
മോണിക്ക ഭഗവാന്‍(ദേവ് ചൗധരി), ലുബ്‌ന വസീര്‍( സ്വപ്ന), അനില്‍ ചൗധരി( ആകാശ്), മനീഷ് സോദി എന്നിവര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അനില്‍ ചൗധരിയും സ്വപ്നയുമാണ് 2017-ല്‍ വ്യവസായിയുമായുള്ള സൗഹൃദത്തിന് തുടക്കമിടുന്നത്. ഇരയുടെ സാമ്പത്തികസ്ഥിതി മനസിലാക്കിയ ശേഷമായിരുന്നു തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്.
2019ല്‍ വ്യവസായി താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് സ്വപ്നയും മോണിക്കയും എത്തി. പിന്നാലെ തന്നെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വ്യവസായിയുമായി മോണിക്ക തര്‍ക്കത്തിലേര്‍പ്പെട്ടു. കൈവശമുണ്ടായിരുന്ന കോഴിച്ചോര ശരീരത്തില്‍ പുരട്ടി പരിക്കേറ്റതായി വരുത്തിതീര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്.
ഇരുവരെയും വ്യവസായി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് മോണിക്ക ഭീഷണി മുഴക്കി. വ്യവസായിയുമായി തര്‍ക്കമുണ്ടാകുന്നതും ശരീരത്തില്‍ ചോരയൊലിക്കുന്നതമടക്കമുള്ളതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ഫോണില്‍ പകര്‍ത്തിയതിനാല്‍ അത് തെളിവായി നല്‍കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതുവഴി വ്യവസായിയില്‍ നിന്ന് 3.25 കോടി രൂപ തട്ടിയെടുക്കാന്‍ ഇവര്‍ക്കായി. വീഡിയോ ആധാരമാക്കി വീണ്ടും രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പോലീസില്‍ പരാതിപ്പെട്ടത്. 2021-ല്‍ പരാതി ലഭിച്ചത് പ്രകാരം മുഖ്യപ്രതി മോണിക്കയെ അടക്കം പോലീസ് പിടികൂടിയിരുന്നു.