കോട്ടയം - കഴിഞ്ഞ ദിവസം സംക്രാന്തിയില്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് തൂങ്ങിയ കയര്‍ കുരുങ്ങി വഴിയാത്രികന്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. ലോറി ഡ്രൈവര്‍ തമിഴ്നാട് നീലഗിരി സ്വദേശി ജീവരാജ(32)യെ നരഹത്യാക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചക്കറി ലോറിയില്‍നിന്ന് അഴിഞ്ഞ് തൂങ്ങിക്കിടന്ന കയറിന്റെ അറ്റത്ത് കാല്‍ കുരുങ്ങി കട്ടപ്പന അമ്പലക്കവല സ്വദേശി പാറയില്‍ മുരളി(50)യാണ് മരിച്ചത്. കയറില്‍ കാല്‍ കുരുങ്ങിയ മുരളിയെ ലോറി റോഡിലൂടെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ മുരളിയുടെ കാല്‍ കുടുങ്ങി അറ്റുപോകുകയും ചെയ്തു. മുരളിയുടെ കാലില്‍ കയര്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കയര്‍ പൊട്ടിയതറിഞ്ഞ് അത് അന്വേഷിച്ചെത്തിയപ്പോഴാണ് ജീവരാജയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. അമിത വേഗതയിലാണ് ലോറി ഓടിയിരുന്നതെന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.