ബംഗളൂരു- ചന്ദ്രയാന്‍- 3 രണ്ടാംഘട്ട ഭ്രമണ പഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിച്ച് ഐ. എസ്. ആര്‍. ഒ. പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത ദൂരം 226 കിലോമീറ്ററും ഏറ്റവും അകലെയുള്ള ദൂരം 41603 കിലോമീറ്ററും ഉള്ള ദീര്‍ഘ വൃത്തത്തിലാണുള്ളത്.
ചൊവ്വാഴ്ച വൈകിട്ട് രണ്ടു മണി മുതല്‍ മൂന്നു മണി വരെയാണ് ഭ്രമണ പഥം ഉയര്‍ത്തലിന്റെ അടുത്ത ഘട്ടം. ഭൂമിയുടെ ഗുരുത്വാര്‍ഷണ വലയം ഭേദിച്ചു പുറത്തേക്കു പോകുന്നതിനാണ് ഘട്ടംഘട്ടമായി ഭ്രമണ പഥം ഉയര്‍ത്തുന്നത്. പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുന്നത്.
ജൂലായ് 14നാണ് ചന്ദ്രയാന്‍-3 യാത്ര ആരംഭിച്ചത്. ജുലായ് 15ന് ആദ്യഘട്ട ഭ്രമണ പഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അഞ്ചു ഘട്ടങ്ങളിലായാണ് ഭ്രമണ പഥമുയര്‍ത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും.