ജയ്പുർ- രാജസ്ഥാനിലെ ജോധ്പുരിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ക്രൂരത ചെയ്തത്. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കളാണ് ആക്രമണത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർഥികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കൾ രാത്രി പത്തരയോടെയാണ് ജോധ്പുരിലെത്തിയത്. മുറിയെടുക്കാൻ ഗസ്റ്റ് ഹൗസിലെത്തിയ ഇവർ ജീവനക്കാരൻ മോശമായി പെരുമാറിയതിനെ തുടർന്ന് ഇവിടെനിന്ന് പുറത്തേക്ക് പോയി. ഗസ്റ്റ് ഹൗസിന് പുറത്തുനിൽക്കുമ്പോഴാണ് സമന്ദർ സിംഗ്, ധരംപാൽ സിംഗ്, ഭതംസിംഗ് എന്നിവരെത്തി ക്രൂരത കാട്ടിയത്. കഴിക്കാൻ ഭക്ഷണവും താമസിക്കാൻ സ്ഥലവും നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഇവരെയും കൂട്ടി പോകുകയായിരുന്നു. റെയിൽവേ സ്‌റ്റേഷനിലേക്കാണ് എന്ന് പറഞ്ഞ് ഇവരെ പുലർച്ചെ നാലിന് ജോധ്പുരിലെ ജെ.എൻ.വി യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഹോക്കി മൈതാനത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. രാവിലെ മൈതാനത്തിൽ നടക്കാൻ എത്തിയവരോട് പെൺകുട്ടിയുടെ കാമുകൻ വിവരം അറിയിക്കുകയും അവർ പോലീസിനെ അറിയിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് വീണു പരിക്കേറ്റതായി സീനിയർ പോലീസ് ഓഫീസർ അമൃത ദുഹാൻ പറഞ്ഞു.