ന്യൂദല്‍ഹി - ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്തത്തില്‍ ക്രിയാറ്റിന്‍ വര്‍ദ്ധിച്ചു നില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ ചികിത്സ വേണ്ടിവരുമെന്നും കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നും ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅ്ദനി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായുള്ള വലിയ ചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ കേരളത്തില്‍ തങ്ങാല്‍ കഴിഞ്ഞില്ലെന്നും രോഗബാധിതനായ പിതാവിനെ കാണാനായി അനുമതി ലഭിച്ച് കേരളത്തിലെത്തിയപ്പോള്‍ അസുഖബാധിതനായി ആശുപത്രിയിലായിപ്പോയെന്നും അതിനാല്‍ പിതാവിനെ കാണാന്‍ കഴിഞ്ഞില്ലെന്നും മഅ്ദനി കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുരക്ഷാ മേല്‍നോട്ടം കേരള പോലീസിനെ ഏല്‍പ്പിക്കണമെന്ന് മഅ്ദനി ആവശ്യപ്പെടുന്നു. കര്‍ണാടക പോലീസിന്റെ സുരക്ഷാ ചെലവ് താങ്ങാന്‍ കഴിയില്ല. കര്‍ണാടക പോലീസിന്റെ എസ്‌കോര്‍ട്ടില്‍ 11 ദിവസം കേരളത്തില്‍ കഴിഞ്ഞപ്പോള്‍ ചെലവായത് 6.75 ലക്ഷം രൂപയാണ്. അതേസമയം കേരളാ പോലീസ് സുരക്ഷയ്ക്കായി തുക ഈടാക്കിയില്ലെന്നും മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വഴിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.