ബെംഗളൂരു- ജൂലൈ 18-ന് നടക്കുന്ന എന്‍ഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജെഡിഎസ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്ന പ്രശ്‌നമില്ലെന്നും ദേവഗൗഡ പറഞ്ഞു.
ജെഡിഎസുമായുള്ള സഖ്യ സാധ്യത കൂടി കണക്കിലെടുത്തുകൊണ്ടാണ് ബിജെപി കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത്. സഖ്യം സാധ്യമായാല്‍ പ്രതിപക്ഷ നേതൃ പദവി ചോദിക്കാനുള്ള തയാറെടുപ്പിലാണ് കുമാരസ്വാമി. ജെഡിഎസ് എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ സാധ്യത ഉയര്‍ത്തിയിരുന്നു. ഭാവിയില്‍ രണ്ട് പാര്‍ട്ടികളും ഒരുമിച്ച് പോരാടാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിമാരായ എച്ച്ഡി കുമാരസ്വാമിയും ബിഎസ് യെദിയൂരപ്പയും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബസവരാജ് ബൊമ്മൈയുടെ പരാമര്‍ശം.