Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ സൈന്യം വെടിവച്ചു കൊന്ന കോണ്‍സ്റ്റബിളിന്റെ ജീവന് വില വെറും 500 രൂപയോ? സഹോദരന്‍ ചോദിക്കുന്നു

ശ്രീനഗര്‍- വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ ത്രെഹ്ഗാമില്‍ ബുധനാഴ്ചയുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളാണ് ഖാലിദ് ഗഫാര്‍ മാലിക് എന്ന 22-കാരന്‍. സഹോദരന്റെ കൊലപാതകത്തില്‍ പോലീസ് രജിസറ്റര്‍ ചെയ്ത കേസിലെ വകുപ്പുകള്‍ പരിശോധിച്ച ഖാലിദിന്റെ സഹോദരന്‍ താലിബ് ഹുസൈന്‍ മാലിക് കൊലയാളിക്ക് ലഭിച്ചേക്കാവുന്ന ശിക്ഷ കണ്ട് പൊട്ടിത്തെറിച്ചു. രണ്ടു വര്‍ഷം തടവും 500 രൂപ പിഴയും. 'എന്റെ സഹോദരന്‍ ജീവന്റെ വില ഇതായിരുന്നു എന്നാണോ അവര്‍ കരുതുന്നത്?' മുതിര്‍ന്ന സഹോദരനായ വസീം മാലിക്കിന്റെ ചോദ്യം: 'ഈ കുടുംബത്തില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ കാവല്‍ക്കാരായി മൂന്ന് പേരുണ്ട്. ഞങ്ങള്‍ക്കു പോലും നീതി പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുക?'

സംസ്ഥാന പോലീസ് സേനയിലും സൈന്യത്തിലും സേവനമനുഷ്ടിക്കുന്ന സഹോരദന്മാരുടെ കുടുംബം നേരിടേണ്ടി വന്ന അനീതിയുടെ അമര്‍ഷം ഇവരുടെ വാക്കുകളില്‍ സ്പഷ്ടമായിരുന്നു. കൊല്ലപ്പെട്ട കോണ്‍സ്്റ്റബിള്‍ ഖാലിദിന്റെ മുതിര്‍ന്ന സഹോദരന്‍ വസീം ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളായി ശ്രീനഗറിലെ പരിഹാസ്‌പോറിലും മറ്റൊരു സഹോദരന്‍ ആസിഫ് ടെറിട്ടോറിയല്‍ ആര്‍മി ഓഫീസറായി താങ്ധറിലും സേവനമനുഷ്ഠിച്ചു വരികയാണ്. ഈയിടെ കോണ്‍സ്റ്റബിളായി പോലീസില്‍ നിയമനം ലഭിച്ച മറ്റൊരു സഹോദരന്‍ താലിബ് ത്രെഹ്ഗാമിലാണ് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഖാലിദ് കൊല്ലപ്പെട്ട ബുധനാഴ്ച വസീമും താലിബും പോലീസ് ഡ്യൂട്ടിയിലായിരുന്നു. ആസിഫ് അസുഖം മൂലം അവധിയെടുത്ത് വീട്ടിലും.

നീതി ലഭിക്കാതെ ഞങ്ങളാരും ഇനി സേനയിലെ ജോലിക്ക് പോകുന്നില്ലെന്ന് താലിബ് പറയുന്നു. 'ഇവിടെ മനുഷ്യ ജീവന് ഒരു ആട്ടിന്‍കുട്ടിയുടെ പോലും വിലയില്ല. ഞങ്ങളുടെ സഹോദരന് നീതീയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു വേണ്ട. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ ഇവിടുത്തെ ജനങ്ങള്‍ക്കു മാത്രമെന്താണ് ഇന്ത്യയിലെ മറ്റു പൗരന്മാര്‍ക്കുള്ള അവകാശങ്ങളൊന്നും വകവച്ചു നല്‍കാത്തതെന്ന് താലിബ് ചോദിക്കുന്നു.

വിഘടനവാദികള്‍ ബന്ദ് പ്രഖ്യാപിച്ച ദിവസമാണ് ഖാലിദ് കൊല്ലപ്പെടുന്നത്. മറ്റിടങ്ങളിലെ പോലെ ത്രെഹ്ഗാമിലും കടകളെല്ലാം അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. ബന്ദ് സമാധാനപരവുമായിരുന്നു. ഞങ്ങള്‍ പോലീസുകാരുടെ സുരക്ഷാ ഡ്യൂട്ടി വൈകുന്നേരം 5.30-ന് അവസാനിച്ചു. ബന്ദിന്റെ ദിവസങ്ങളില്‍ പോലും വൈകുന്നേരം കടകള്‍ തുറക്കാറുണ്ട്. ജനങ്ങള്‍ക്ക് ഭക്ഷണമടക്കമുളള അവശ്യസാധനങ്ങള്‍ വാങ്ങാനാണിത്. ഞാന്‍ മുടിവെട്ടാന്‍ ബാര്‍ബറുടെ അടുത്ത് പോയതായിരുന്നു. വൈകുന്നേരം ഏഴരയോടെ സൈനികര്‍ എത്തി എല്ലാ കടകളും അടക്കാന്‍ ആജ്ഞാപിച്ചു. അവര്‍ ലാത്തി ഉപയോഗിച്ച് യുവാക്കളെ വളയുകയും വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

പാല്‍ വാങ്ങി മടങ്ങുകയായിരുന്ന ഖാലിദിനെ ഒരു സൈനികന്‍ ഷോപ്പിനു മുകളില്‍ നിന്നാണ് വെടിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'വീടിന് 50 മീറ്റര്‍ അകലെ വച്ചാണ് ഖാലിദ് കൊല്ലപ്പെട്ടത്. വളരെ അടുത്തു നിന്നുതിര്‍ത്ത വെടിയുണ്ട ഖാലിദിന്റെ കഴുത്തിലാണ് തുളച്ചത്. താഴെ വീണ ഖാലിദിന്റെ അടുത്തേക്ക് സൈന്യം ആരേയും അടുപ്പിച്ചില്ല. ഇതിനിടെ സൈനിക വാഹനങ്ങള്‍ കടന്നു പോയി. പക്ഷെ തിരിഞ്ഞു നോക്കിയില്ല. അല്‍പ്പം കഴിഞ്ഞ സൈന്യം പോയിക്കഴിഞ്ഞപ്പോള്‍ പ്രദേശവാസികളാണ് ഖാലിദിനെ എടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു,' ഖാലിദിന്റെ ബന്ധു ഫാറൂഖ് മാലിക് പറയുന്നു. ഇവരുടെ വീടിന്റെ ഗേറ്റിലും സമീപത്തെ കടകളിലും വെടിയുണ്ടയുടെ പാടുകള്‍ ഉണ്ട്.

ഖാലിദിന്റെ മരണത്തില്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമപ്പിക്കണമെന്നാണ് ഉത്തരവ്. ഈ പോലീസ് സഹോദരങ്ങളുടെ പിതാവ് കേസ് എഫ്‌ഐആറിന്റെ പകര്‍പ്പെടുത്ത് പോക്കറ്റിലിട്ട് നടക്കുകയാണ്. സഹോദരങ്ങളും കാത്തിരിക്കാന്‍ തയാറാണ്. പക്ഷെ കൊലയാളികള്‍ക്കുള്ള ശിക്ഷ വെറും 500 രൂപ പിഴയില്‍ ഒതുങ്ങാന്‍ പാടില്ലെന്നാണ് ഇവരുടെ നിര്‍ബന്ധം. 

രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാരുടേയും ഒരു സൈനികന്റേയും വീടായിട്ടു പോലും ഖാലിദിന്റെ വീട്ടിലേക്ക് പോലീസ്, സൈനിക അധികാരികളോ സര്‍ക്കാരോ രാഷ്ട്രീയക്കാരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കുടുംബം പറയുന്നു. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഖാലിദിന് ക്ലിയറന്‍സ് ലഭിച്ചത്. ഖാലിദ് കല്ലേറുകാരനല്ലായിരുന്നു. ഷോപ്പ് നടത്തി അധ്വാനിച്ച് ജീവിക്കുന്നതിനിടെയാണ് പോലീസില്‍ നിയമനം ലഭിച്ചത്. ഖാലിദിന്റെ മരണ വാര്‍ത്ത അറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമായി യുവാക്കള്‍ക്കു നേരെ പോലും സൈന്യം പെല്ലറ്റ് വെടിവയ്ക്കുകയും കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും ചെയ്‌തെന്ന് അവര്‍ വസീം പറയുന്നു.

ഖാലിദ് കൊല്ലപ്പെട്ട വെടിവയ്പ്പിനെ കുറിച്ച് സൈന്യം പറയുന്നത് മറ്റൊന്നാണ്. നാല്‍പതോളം യുവാക്കളടങ്ങുന്ന കല്ലേറുകാര്‍ക്കെതിരെ ആദ്യം ലൗഡ് സ്പീക്കറിലൂടെയും പിന്നീട് ആകാശത്തേക്ക് വെടിവച്ചും മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് സൈന്യം പറയുന്നു. എന്നാല്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും കടകള്‍ അടക്കാന്‍ മാത്രമാണ് സൈന്യം ആവശ്യപ്പെടുകയും അത് എല്ലാവരും അനുസരിക്കുകയും ചെയ്തിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Latest News