Sorry, you need to enable JavaScript to visit this website.

നാല് മക്കളുടെ മാതാവ് ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടി; പാകിസ്ഥാനിൽ ക്ഷേത്രത്തിനുനേരെ ആക്രമണം

ലാഹോർ- പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം സാമൂഹിക വിരുദ്ധർ ആക്രമിച്ചു.  രണ്ട് ദിവസത്തിനിടെ ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയത്തിന് നേരെ നടന്ന  രണ്ടാമത്തെ ആക്രമ സംഭവമാണിത്. സിന്ധ് പ്രവിശ്യയിലെ കാഷ്മോർ പ്രദേശത്തെ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള  ചെറിയ ക്ഷേത്രത്തിനും സമീപത്തെ വീടുകൾക്കും നേരെയാണ് ആക്രമണം. റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമിച്ചതെങ്കിലും സ്ഫോടനം നടക്കാത്തതിനാൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. നാലു മക്കളുടെ മാതാവായ സീമ ഹൈദർ ജഖ്റാനിയുമായി ബന്ധപ്പെട്ട പ്രണയകഥയാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ പ്രണയത്തിനുശേഷം ഒളിച്ചോടിയ സീമ ഹിന്ദു യുവാവിനോടൊപ്പം ഇന്ത്യയിലാണ്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച സീമ കോടതി  ജാമ്യത്തിൽ വിട്ടതിനുശേഷം യുവാവിനോടൊപ്പം തന്നെയാണ് താമസം. 

വെള്ളിയാഴ്ച രാത്രി കറാച്ചിയിലെ സോൾജിയർ ബസാറിലെ മാരി മാതാ ക്ഷേത്രം  കനത്ത പോലീസ് സന്നാഹത്തോടെ  ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തിരുന്നു. പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയിൽ 150 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം  അപകട നിലയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

ഞായറാഴ്ച രാവിലെ ആയിരുന്നു കാഷ്മോർ ക്ഷേത്രത്തിനുനേരെ ആക്രമണം. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമികൾ  പരക്കെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.  ആക്രമണത്തിനിടെ അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാഗ്രി സമൂഹം നടത്തുന്ന ക്ഷേത്രം  സാധാരണയായി വർഷിക ചടങ്ങളുകൾക്കാണ് തുറക്കാറുള്ളത്. 

സീമ ഹൈദർ ജഖ്‌റാനിയുമായി ബന്ധപ്പെട്ട പ്രണയകഥയ്ക്ക് പ്രതികാരമായി ഹിന്ദു ആരാധനാലയങ്ങളെയും സമുദായാംഗങ്ങളെയും ലക്ഷ്യമിട്ട് കാഷ്മോർ, ഘോട്ട്കി  പ്രദേശങ്ങളിൽ അക്രമി സംഘങ്ങൾ ഭീഷണി മുഴക്കിയിരുന്നു. 

സിന്ധിലെ കാഷ്മോർ, ഘോട്ട്കി ജില്ലകളിലെ ക്രമസമാധാനനില വഷളായതായി പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി)ആശങ്ക രേഖപ്പെടുത്തി."

Latest News