Sorry, you need to enable JavaScript to visit this website.

ഇത് ഗിന്നസ് റെക്കോര്‍ഡ്, ഒരു കുടുംബത്തില്‍  ഒന്‍പത് പേരുടെ ജന്മദിനം ഒരേ ദിവസം

കറാച്ചി-ഒരു ദിവസം ഒരേ വീട്ടില്‍ ഒമ്പത് പേരുടെ പിറന്നാള്‍. പാക്കിസ്ഥാനിലെ ലാര്‍കാനയില്‍ നിന്നുള്ള കുടുംബത്തിലെ ഒമ്പത് പേരുടെ ജന്മ ദിനമാണ് ഒരു ദിവസം ആഘോഷിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ആ പിറന്നാള്‍ ആഘോഷം.
അമീര്‍- ഖദീജ എന്നിവരുടെ മാംഗി കുടുംബത്തിലാണ് സംഭവം. ഇതോടുകൂടി ഇവര്‍ക്ക് ഗിന്നസ് റെക്കോര്‍ഡും ലഭിച്ചു. അമീര്‍, ഖദീജ ദമ്പതികളുടെ മക്കളായി സിന്ധു, സൌസി, സപ്ന, ആമിര്‍, അംബര്‍, അമ്മര്‍, അംഹര്‍ എന്നിവര്‍ ഓഗസ്റ്റ് ഒന്നിന് ജനിച്ചവരാണ്. 19 മുതല്‍ 30 ഇടയിലാണ് ഇവരുടെ പ്രായം.
ഒരേ ദിവസം പിറന്ന സഹോദരങ്ങളെന്ന റെക്കോര്‍ഡും ഇവര്‍ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. അമീറിന്റെയും ഖദീജയുടേയും വിവാഹ വാര്‍ഷിക ദിനം കൂടിയാണ് ഓഗസ്റ്റ് 1. 1991ലാണ് ഇവര്‍ വിവാഹിതരായത്. 1992ലാണ് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. അന്ന് മക്കളെല്ലാം പിറക്കാന്‍ പോവുന്നത് ഒരേ ദിവസം തന്നെയായിരിക്കുമെന്ന് ചെറിയ വിചാരം പോലും ഉണ്ടായിരുന്നില്ലെന്നാണ് ദമ്പതികള്‍ പ്രതികരിക്കുന്നത്.
ഇവരുടെ മക്കളില്‍ രണ്ട് സെറ്റ് ഇരട്ടക്കുട്ടികളുമുണ്ട്. ഒരേ പിറന്നാളില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള അഞ്ചാമത്തെ സംഭവമാണ് ഇത്. സാധാരണ ഗതിയില്‍ വിശാലമായ ആഘോഷ പരിപാടികളൊന്നും ഇല്ലാതെയാണ് ഓഗസ്റ്റ് 1 കടന്നുപോവാറ്. എന്നാല്‍ ഇത്തവണ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കിട്ടിയതില്‍ ചെറിയ ആഘോഷങ്ങള്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

Latest News