മോസ്‌കോ- എൽ.ജി.ബി.ടി.ക്യൂ സമൂഹത്തിന് തിരിച്ചടിയാകുന്ന നിയമ നിർമാണവുമായി റഷ്യ മുന്നോട്ട്. ലിംഗമാറ്റം നിരോധിക്കുന്നതിനുള്ള കരട് ബില്ലിന് റഷ്യൻ പാർലമെന്റ് അധോസഭ (സ്റ്റേറ്റ് ഡുമ) അംഗീകാരം നൽകി. ശസ്ത്രക്രിയയോ ഹോർമോൺ തെറാപ്പിയോ ഉൾപ്പെടെ ലിംഗമാറ്റത്തിനുള്ള വൈദ്യശാസ്ത്രപരമായ ഇടപെടലുകളിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ വിലക്കുന്നതാണ് നിയമം. നിയമം നിലവിൽ വരുന്നതോടെ 1997 മുതൽ നിയമാനുസൃതമായ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മാറ്റങ്ങൾ വരുത്താനും റഷ്യക്കാർക്ക് ഇനി സാധിക്കില്ല.
ട്രാൻസ് ജെൻഡർ വ്യക്തികൾ കുട്ടികളെ ദത്തെടുക്കുന്നതും വളർത്തുന്നതും തടയുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് പുതിയ നിയമം. ദത്തുൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ദമ്പതികളിലൊരാൾ ലിംഗമാറ്റം നടത്തിയാൽ അവരുടെ വിവാഹം റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തി. ബില്ലിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. നിയമം നിലവിൽ വന്നാൽ ട്രാൻസ് ജെൻഡർ സമൂഹം വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെടും എന്നാണ് പ്രധാന വിമർശനം. വൈദ്യസഹായം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുന്നത് എൽ.ജി.ബി.ടി.ക്യൂ സമൂഹത്തിനിടയിൽ ആത്മഹത്യയുൾപ്പെടെ വർധിപ്പിക്കാൻ സാഹചര്യം ഒരുക്കുമെന്നാണ് ഡോക്ടർമാരും ട്രാൻസ്ജെൻഡർ വ്യക്തികളും മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ റഷ്യൻ പൗരന്മാരെയും കുട്ടികളെയും സംരക്ഷിക്കുന്നതായിരിക്കും പുതിയ നിയമമെന്നാണ് സ്റ്റേറ്റ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
ബില്ലിന്റെ മൂന്നാമത്തെയും അവസാനത്തെയും അവതരണമാണ് പാർലമെന്റിന്റെ അധോസഭയിൽ ഇപ്പോൾ കഴിഞ്ഞത്. ബിൽ ഉപരിസഭ പരിഗണിച്ച ശേഷം പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പിടുന്നതോടെയാണ് നിയമം നിലവിൽ വരുക.
എൽ.ജി.ബി.ടി.ക്യൂ ജീവിതരീതികൾ പരമ്പരാഗത റഷ്യൻ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിൻ പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. എൽ.ജി.ബി.ടി.ക്യൂ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമത്തിൽ കഴിഞ്ഞ ഡിസംബറിലാണ് പുടിൻ ഒപ്പുവച്ചത്. ട്രാൻസ് ജെൻഡർ ഉള്ളടക്കങ്ങളുൾപ്പെട്ട പരസ്യങ്ങൾ, മാധ്യമങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, തിയേറ്റർ നിർമ്മാണങ്ങൾ എന്നിവ നിരോധിക്കുന്നതായിരുന്നു നിയമം. 2013ലാണ് ട്രാൻസ് ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ നിയന്ത്രിക്കുന്ന ആദ്യ നിയമനിർമ്മാണം റഷ്യ അംഗീകരിച്ചത്. യൂറോപ്യൻ യൂണിയൻ അംഗമായ ഹംഗറിയിലും നിരവധി യുഎസ് സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.