കോഴിക്കോട് : ഏറ്റവും പുതിയ തട്ടിപ്പ് രീതിയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് നടന്ന സംഭവത്തില്‍ നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നാകര്‍ ബാങ്കിലാണ് പണം കണ്ടെത്തിയത്. കേരളാ പൊലീസ് ഇടപെട്ട് ആ അക്കൗണ്ട ബ്ലോക്ക് ചെയ്തിട്ടുണ്ട. നാല് ജിയോ ട്രാന്‍സാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തി. പൊലീസ് കത്ത് നല്‍കിയാല്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരിച്ചു കിട്ടും. തട്ടിപ്പ് നടത്തിയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
നാല് തവണയായാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പോലീസ് കണ്ടെത്തി. പോലീസ് കത്ത് നല്‍കിയാല്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് ഇത് തിരിച്ചു കിട്ടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്തിന്റെ മുഖം വ്യാജമായി നിര്‍മ്മിച്ച് വീഡിയോ കോള്‍ ചെയ്ത ശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് കോഴിക്കോട് ചാലപ്പുറം സ്വദേശി പിഎസ് രാധാകൃഷ്ണനാണ് പരാതി നല്‍കിയത്. മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരില്‍ വീഡിയോ കോളിലെത്തി തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച പരാതിക്കാരനെ ഈ മാസം ഒമ്പതിനാണ് ഫോണ്‍ എത്തിയത്. രാത്രി പലവട്ടം ഫോണ്‍ വിളി വന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്പറില്‍നിന്നും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കണ്ടു. കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പിന്നാലെ വാട്‌സ് ആപ്പ് കോള്‍ വന്നു.
പഴയ സുഹൃത്തുക്കളെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയയ്ക്കായി കൂടെയുള്ള ആള്‍ക്ക് 40,000 രൂപ അയക്കാന്‍ ആവശ്യപ്പെടുന്നത്. താന്‍ ദുബായിലാണെന്നും മുംബൈ എത്തിയാലുടന്‍ പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്ന സംശയം തോന്നിയത്.ഒടുവില്‍ സുഹൃത്തിന്റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുള്ള വ്യാജ ഫോണ്‍ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ വിവരം ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ പോലീസ് ഹെല്‍പ് ലൈന്‍ നമ്പറായ 1930ല്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. പരിചയമില്ലാത്ത വീഡിയോ കോളുകള്‍ ഒഴിവാക്കാനും, പരിചയം ഉളളവര്‍ ആണെങ്കില്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പോലീസ് പറയുന്നു.