Sorry, you need to enable JavaScript to visit this website.

ജലനിരപ്പ് താഴ്‌ന്നെങ്കിലും ദൽഹിയിൽ ആശങ്ക തുടരുന്നു

ന്യൂദൽഹി-യമുന നദിയിലെ ജലനിരപ്പ് താഴന്നെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴതുടരുന്നത് ദൽഹിയിൽ ആശങ്ക പരത്തുന്നു. യമുനയിലെ ജലനിരപ്പ് ഇന്നലെ 206 മീറ്ററിന് താഴെയാണ് രേഖപ്പെടുത്തിയത്. രാജ്ഘട്ട്, ഐ.ടി.ഒ, റിംഗ്‌റോഡ് അടക്കമുള്ള പ്രധാന ഭാഗങ്ങൾ ഇനിയും പൂർണ തോതിൽ പ്രവർത്തന കക്ഷമമായിട്ടില്ല. യമുനയിലെ 32 തടയണകളിൽ നാലെണ്ണം ഉയർത്താനാവാതെ കുടുങ്ങിപ്പോയതാണ് റോഡുകളിലെ വെള്ളം താഴ്ന്നുപോകുന്നതിന് തടസ്സമായത്. പ്രളയം പൂർണമായി അവസാനിക്കാത്തതിനാൽ സ്‌കൂളുകൾക്ക് അവധി ഇന്നും നാളെയും തുടരുമെന്നും ദൽഹി സർക്കാർ അറിയിച്ചു. അതിനിടെ, ഇന്നലെ ഗ്രേറ്റർ നോയിഡയ്ക്കടുത്ത് യമുനയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. ഇവർക്കായി എൻ.ഡി.ആർ.എഫ് തിരച്ചിൽ തുടരുകയാണ്. മക്കൻപൂരിൽ നിന്നുള്ള ധിരാജ്(21), സഞ്ജിത്(17) എന്നിവരാണ് കാണാതായത്. തെക്കു പടിഞ്ഞാറൻ ദൽഹിയിൽ മൂന്ന് യുവാക്കൾ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച മൂന്ന് വിദ്യാർഥികളും ദൽഹിയിൽ മുങ്ങി മരിച്ചിരുന്നു.  പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ അടക്കമുള്ള രേഖകൾ വീണ്ടും നൽകുന്നതിനായി ദൽഹി സർക്കാർ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പ്രളയം ബാധിച്ച ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം നൽകും. വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളും വസ്ത്രങ്ങളും സ്‌കൂളുകൾ മുഖേന നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കോളനിവാസികളിൽ വലിയൊരു വിഭാഗം വെറും ടാർപോളിൻ കെട്ടിയുണ്ടാക്കിയ ക്യാംപുകളിൽ തുറന്ന സ്ഥലത്താണുറങ്ങുന്നത്.

Latest News