ജോര്‍ജിയ- നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തിയയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മൂന്ന് പുരുഷന്മാരേയും ഒരു സ്ത്രീയെയുമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.
ജോര്‍ജിയയിലെ ഹാംപ്ടണില്‍ നിന്നുള്ള 40കാരനായ ആന്ദ്രെ ലോംഗ്മോറിനു വേണ്ടിയാണ് തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ ആയുധധാരിയും അപകടകാരിയുമാണെന്നാണ് ഹാംപ്ടണ്‍ പോലീസ് മേധാവി ജെയിംസ് ടര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
അറ്റ്‌ലാന്റയില്‍ നിന്ന് 40 മൈല്‍ തെക്ക് 8,500 പേര്‍ താമസിക്കുന്ന ഹാംപ്ടണിലെ ഒരു സബ്ഡിവിഷനില്‍ ശനിയാഴ്ച രാവിലെയാണ് വെടിവയ്പ്പ് നടന്നത്. ഇരകളുടെ പേരുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ലോങ്മോറിന്റെ അറസ്റ്റിലേക്കും പ്രോസിക്യൂഷനിലേക്കും നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ഹെന്റി കൗണ്ടി ഷെരീഫ് റെജിനാള്‍ഡ് സ്‌കാന്‍ഡ്രെറ്റ് അറിയിച്ചു.
ലോങ്‌മോറിനെ കണ്ടെത്താന്‍ നിരവധി പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും രംഗത്തുണ്ട്.
നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അസോസിയേറ്റഡ് പ്രസ്സും യു. എസ്. എ ടുഡേയും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കുറഞ്ഞത് 153 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 2023ലെ 31-ാമത് കൂട്ടക്കൊലയാണിത്.