Sorry, you need to enable JavaScript to visit this website.

സമസ്ത ആരുടെയും ബി.ടീം അല്ല, വിശ്വാസികളെ നയിക്കൽ ലക്ഷ്യം-ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്- ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ബി. ടീം അല്ല സമസ്തയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സംഘടനയുടെ ലക്ഷ്യം വിശ്വാസികളെ ആത്മീയമായി നയിക്കുക എന്നതാണെന്നും ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ സമസ്ത പ്രതിനിധി പങ്കെടുത്തതിനെയും ജിഫ്രി മുത്തുക്കോയ തങ്ങൾ ന്യായീകരിച്ചു. പുര കത്തുമ്പോൾ അത് അണയ്ക്കാൻ വരുന്നവർ കമ്മ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് നോക്കേണ്ടതില്ലെന്നും ഏക വ്യക്തി നിയമത്തിനെതിരെ സി.പി.എമ്മും കോൺഗ്രസും വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ബഹുസ്വര സമൂഹത്തിൽ മത വിശ്വാസികൾ ആയവരും അല്ലാത്തവരും ഉണ്ടാകും. പൊതു ആവശ്യത്തിനായി കൈകോർക്കുന്നതിന് മതമോ മതമില്ലായ്മയോ ഒരു തടസമാകരുത്. എന്നാൽ ശരിഅ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നതെങ്കിൽ അവരെയും എതിർക്കേണ്ടി വരും. വിഷയത്തിൽ മറ്റ് സമസ്ത നേതാക്കളുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തീർത്തും തെറ്റായ കാര്യമാണത്. സിഎഎ സമരങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തെ പരിചയം. അതിന് മുൻപ് ചില പരിപാടികളിൽ കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ നല്ല നേതാവാണ്. ഒന്നാം പിണറായി സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് തന്നെയാവും അദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തത്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ സർക്കാർ നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. 
വഖഫ് ബോർഡ് നിയമനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തെ എതിർത്തത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണ് എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ' പള്ളികൾ ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ വരുന്ന ഓരോരുത്തർക്കും വ്യത്യസ്ത രാഷ്ട്രീയമാണുള്ളത്. പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ വേദിയാക്കുന്നതിനോട് താത്പര്യമില്ല. അത്‌കൊണ്ടാണ് എതിർത്തത്. ഈ വിഷയത്തിൽ ചില ഉറപ്പുകൾ തരിക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. അത് അദ്ദേഹം പാലിക്കുകയും ചെയ്തുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കേരളത്തിലെ മുസ്ലിംകളെ പ്രതിനിധീകരിക്കുന്നത് സമസ്തയാണെന്നും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പിയും അല്ലെന്നും അദ്ദേഹം പറഞ്ഞു. 

Latest News