ന്യൂയോർക്ക് - അമേരിക്കയിലെ അലാസ്‌ക ഉപദ്വീപിൽ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെയാണ് സംഭവം. അലാസ്‌ക പെനിൻസുല മേഖലയിൽ 7.4 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു.
9.3 കിലോമീറ്റർ (5.78 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ മേഖലയിൽ സൂനാമി മുന്നറിയിപ്പും നല്കിയിട്ടുണ്ട് അധികൃതർ.
അലാസ്‌കൻ പെനിൻസുല, അലൂഷ്യൻ ദ്വീപുകൾ, കുക്ക് ഇൻലെറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുള്ളത്. എന്നാൽ, ആളപായമോ നാശനഷ്ടമോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
വടക്കേ അമേരിക്കയിൽ കാനഡയ്ക്ക് മുകളിലാണ് അമേരിക്കൻ സംസ്ഥാനമായ അലാസ്‌ക സ്ഥിതി ചെയ്യുന്നത്. മേഖലയിൽ യു.എസ് സുനാമി വാണിങ് സിസ്റ്റം സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.