ലുധിയാന- പഞ്ചാബിലെ ലുധിയാന ജില്ലയിൽ രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെ പിതൃസഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു. അമ്മ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ ലുധിയാന റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ എട്ടിന് പ്രതി തങ്ങളുടെ വീട്ടിൽ വന്ന് മകളെ കളിപ്പിക്കുമ്പോഴാണ് സംഭവമെന്ന് അമ്മ പരാതിയിൽ പറയുന്നു.
പ്രതി കുഞ്ഞിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകൾക്ക് ശേഷം അവൾ ഉറക്കെ കരയുന്നത് കേട്ടുവെന്നും പ്രതി മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടുവെന്നും അമ്മ ആരോപിച്ചു. ഭർത്താവിനോട് താൻ ആദ്യം പറഞ്ഞില്ലെന്നും കുഞ്ഞിന് സുഖമില്ലാതായതോടെയാണ് സംഭവത്തെക്കുറിച്ച് പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിയെ അറസ്റ്റ് ചെയ്തതായും കുഞ്ഞിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടി സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും പോക്സോയിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.