ഹൈദരാബാദ്- ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ ബോട്ടപകടത്തില്‍ കാണാതായ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ തുടരുന്നു. നദിയില്‍ വീണ 23 പേരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചിരുന്നു. പസുവള്ളങ്കയില്‍ ഗൗതമി നദിക്കു കുറുകെ പാലം പണിയാന്‍ സ്ഥാപിച്ച തൂണിലിടിച്ചാണ് 32 യാത്രക്കാരുണ്ടായിരുന്ന ബോട്ട് മറിഞ്ഞത്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയും അണക്കെട്ട് തുറന്നു വിട്ടതും കാരണം നദിയല്‍ ഒഴുക്ക് ശക്തമായിരുന്നു. കനത്ത മഴയും ബംഗാള്‍ ഉള്‍ക്കടലിലെ വേലിയേറ്റവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങാകുന്നുണ്ട്.
തൂണിലിടിച്ച ബോട്ടില്‍ നിന്നും കുറച്ചു പേര്‍ പാലത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന തൂണിന്റെ തറയിലേക്ക് ചാടിക്കയറിയോടെ ഒരു വശം ഉയര്‍ന്ന് ബോട്ട് മറിയുകയായിരുന്നു. പ്രദേശ വാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് 23 രക്ഷിച്ചത്. ചിലര്‍ നീന്തി രക്ഷപ്പെട്ടു. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളും നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. രാത്രിയില്‍ വെളിച്ചം ഒരുക്കിയും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ആന്ധ്രാ പോലീസിനു പുറമെ പുതുച്ചേരി പോലീസും സഹായത്തിനുണ്ട്. അപകടം നടന്നത് അഴിമുഖത്തിനു സമീപമായതിനാല്‍ കടലിലെ വേലിയേറ്റം രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. ഇതുകാരണം വൈകുന്നേരത്തോടെ മാത്രമെ തിരച്ചിലില്‍ പുരോഗതിയുണ്ടാകൂെന്ന് ഈസ്റ്റ് ഗോദാവരി ജില്ലാ കലക്ടര്‍ കാര്‍ത്തികേയ മിശ്ര പറഞ്ഞു.